മണിമുത്ത് - 19


( പുതിയ പുലരികള്‍ )
തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്.

ഉമ്മാ…. ന്‍റെ ഉമ്മാ.. 

അവളുടെ കണ്ണുകളില്‍ ഇരുളിന്‍റെ ഏതാനും തുള്ളികള്‍ ഉണ്ടായിരുന്നു. പക്ഷെ, ആ തുള്ളികള്‍ അവളുടെ നീലക്കണ്ണുകളില്‍ കാറ്റിളകിയ ഒരു കടല്‍ പോലെ കലിതുള്ളുകയായിരുന്നു.


തന്‍റെ കണ്ണുകള്‍ രണ്ടും പൊത്തിപ്പിടിച്ച് നീറ്റലും വേദനയും സഹിക്കാനാവാതെ അവള്‍ പിടയുകയും നിലവിളിക്കുകയും ചെയ്തപ്പോള്‍ ആ ഉമ്മ പരിഭ്രമിച്ചു പോയി. അവര്‍ മകളെ അടുക്കിപ്പിടിച്ചുകൊണ്ട് നിസ്സഹായയായി മകനെ നോക്കി.

വിരലുകള്‍ക്കൊപ്പം മണിയുടെ കൈയിലിരുന്ന ഇരുളിലകളുടെ നീര്‍ക്കിഴിയും വിറക്കുന്നുണ്ടായിരുന്നു. ഉള്ളില്‍ അതിലും അതിവേഗതയില്‍ അവന്‍റെ ഹൃദയം പെരുമ്പറകൊട്ടി.


ഇതേവരെ കലീബ സൂചന നല്‍കിയ വിധത്തിലാണ് കാര്യങ്ങള്‍ എല്ലാം സംഭവിച്ചത്. ഇനി ബാക്കിയെല്ലാം കിടക്കുന്നത് അല്ലാഹുവിന്‍റെ പക്കലാണ്. ഇത്രകാലവും കൊതിച്ചതും ഇതുവരെ ചെയ്തതുമായ എല്ലാം വൃഥാവിലായിപ്പോകുമോ..?

ഉമ്മാ.. ഉമ്മാ.. എന്നു കേണ് പാത്തു വേദന സഹിക്കാതെ പിടഞ്ഞു കൊണ്ടിരിക്കുന്നു. അവളുടെ കണ്ണീരൊഴുകി ആ ഉമ്മ നനഞ്ഞു കുതിര്‍ന്നു. ഇനി എന്താണ് വേണ്ടതെന്ന് അവര്‍ക്കൊരു നിശ്ചയവുമില്ല. മണിക്കും ഇനിയൊന്നും അറിയില്ല. അവന്‍ പാത്തുവിനെ ആശ്വസിപ്പിക്കാനാവാതെ നിസ്സഹായനായി നിന്നു. ഉമ്മ അമ്പിയാക്കളെയും ഔലിയാക്കളേയും വിളിച്ച് ദീനദീനം വിലപിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒരു പാടു നേരം കഴിഞ്ഞിട്ടും ഒന്നും പാത്തുവിന്റെ നീറ്റലും വേദനയും ശമിച്ചില്ല.

ഒടുവില്‍ ഉമ്മ പറഞ്ഞു: നമുക്കു ആ കുറുപ്പു വൈദ്യരെ ചെന്നു കാണാം മോനെ..

പോകാം.. എന്ന് അവനും പറഞ്ഞു.


അവര്‍ പാത്തുവിനേയും കൊണ്ടു കുറുപ്പ് വൈദ്യനെ ചെന്നു കണ്ടു.

വൈദ്യര്‍ അവളുടെ കണ്ണുകള്‍ പരിശോധിച്ചു. എന്താണ് കണ്ണില്‍ ഒഴിച്ചതെന്ന് ചോദിച്ചു.ഇരുളിന്‍റെ ഇലനീരാണെന്ന് പറഞ്ഞപ്പോള്‍ വൈദ്യര്‍ അറിയാതെ ചിരിച്ചുപോയി. പിന്നെ അദ്ദേഹം അവരെ ശാസിച്ചു. കണ്ണില്‍ കണ്ടതൊക്കെ പരീക്ഷിക്കാനുള്ള സാധനമാണോ കണ്ണ്..? എന്തെങ്കിലും വിഷച്ചെടിയുടെ നീരായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി..പിന്നെ  അദ്ദേഹം മണിയോട് കുറെ ദേഷ്യപ്പെടുകയും ചെയ്തു. അറിയാത്ത കാര്യങ്ങള്‍ ഒന്നും ഇങ്ങിനെ  ചെയ്തു പോകരുതെന്നും കാഴ്ച്ചയില്ലാത്ത കണ്ണുകളായതുകൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നും പറഞ്ഞു. ഇടക്കിടക്ക് ഈരണ്ടു തുള്ളിവീതം മുലപ്പാല്‍ ഇറ്റിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അതിന്‍ പ്രകാരം അവര്‍ തിരിച്ചു വരുമ്പോള്‍ അവന്‍റെ മൂത്താപ്പയുടെ കുടിലില്‍ കയറി. പ്രസവിച്ചു കിടക്കുന്ന മൂത്താപ്പയുടെ മകള്‍ കൌസുവില്‍ നിന്നും മുലപ്പാല്‍ വാങ്ങി പാത്തുവിന്റെ കണ്ണില്‍ ഇറ്റിച്ചു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ പാത്തുവിന്‍റെ കണ്ണുകളില നീറ്റലും വേദനയും ഒക്കെ കുറഞ്ഞു. പക്ഷെ അവളുടെ കണ്ണുകള്‍ രണ്ടുമൂന്നു ദിവസം വരെ ചുവന്നു വീങ്ങിക്കിടന്നു. കുരുന്നു ഹൃദയത്തിലെ സങ്കടത്തുള്ളികള്‍ ആ കണ്ണുകളിലൂടെ സദാ ഒഴുകിക്കൊണ്ടേയിരുന്നു.


അതുവരെ ഉണ്ടായ സംഭവങ്ങളൊന്നും വെറുമൊരു സ്വപ്നമായി തള്ളിക്കളയാന്‍ അവനു തോന്നിയില്ല. കലീഫ പറഞ്ഞതെല്ലാം അതുവരേക്കും സത്യമായി സംഭവിച്ചിട്ടും ഒടുവില്‍ എന്തുകൊണ്ടിങ്ങനെ ഒരു വിപരീതഫലം ഉണ്ടായി എന്നുള്ളതിന് എത്ര ആലോചിച്ചിട്ടും അവനുത്തരം കിട്ടിയില്ല. 

എവിടെയാണ് പിഴച്ചു പോയിരിക്കുക? ആര്‍ക്കാണ് പിഴച്ചു പോയിരിക്കുക? തനിക്കു തന്നെയായിരിക്കുമോ.? ഒടുവില്‍ താന്‍ കണ്ടെത്തിയത് ഇരുള്‍ എന്ന മൂലികയല്ലാതിരിക്കുമോ..? 


ഇങ്ങിനെയൊക്കെയുള്ള ഒരുപാടു ചിന്തകളും സംശയങ്ങളും അവനെ അലട്ടിക്കൊണ്ടിരുന്നു.അവന്‍ വീണ്ടും ആടുകളുമായി കാട്ടിലും മലയിലുമെല്ലാം അലഞ്ഞു. പച്ചമരുന്നുകള്‍ ശേഖരിച്ചു കൊണ്ടു വന്നു കളരിയില്‍ കൊടുത്തു. മരുന്നുകള്‍ അരയ്ക്കുകയും പൊടിക്കുകയും ചെയ്യുന്ന ഉമ്മയെ സഹായിച്ചു. ഒഴിവുസമയങ്ങളില്‍ ആ എഴുത്തുകളരിയുടെ പരിസരത്ത് കറങ്ങിനടന്ന് അവിടെ കേള്‍ക്കുന്നതുമെല്ലാം ഹൃദിസ്ഥമാക്കുകയും ചെയ്തു.


അവന്‍റെ മുന്നിലൂടെത്ര പകലുകള്‍ അസ്തമിച്ചു പോയി..

അവന്‍റെ മുന്നിലൂടെത്ര പുലരികള്‍ ഉദിച്ചു വന്നു..

ഇപ്പോള്‍ യാതൊന്നും അവനറിയുന്നില്ല..

കാട്ടിലും മലയിലും അലഞ്ഞു നടന്ന് അവസാനിക്കുന്ന ജീവിതചര്യകളാല്‍ അവന്‍ പകലും രാത്രിയും തിരിച്ചറിയാനാവാത്ത വിധം പ്രകൃതിയോട് അത്രയധികം ഇണങ്ങിപ്പോയിരുന്നു. അത്തിമരത്തില്‍ കൂടു കൂട്ടിയ കിളികളുടെ വെളുപ്പിലെ ചിലപ്പിലാണ് അവന്‍റെ പകല്‍ തുടങ്ങുക. ഇരുളിന്‍റെ ചിറകടികള്‍ക്കൊപ്പം അവനും തന്‍റെ കൂടണയും.

സന്ധ്യക്ക് ആ അത്തിമരച്ചുവട്ടിലാണ് ഇപ്പോള്‍ പാത്തു അവനേയും കാത്തിരിക്കുക. കിളികളുടെ ചിലപ്പിലും ഇലകളുടെ അനക്കത്തിലും കണ്ണും കാതും കൊടുത്തുകൊണ്ട് അവള്‍ ഏതോ മനോരാജ്യത്തില്‍ അലയും. നേരം ഇരുട്ടി പകല്‍ മറയുന്നതോ ആകാശത്തില്‍ നക്ഷത്രങ്ങള്‍ തെളിയുന്നതോ ഒന്നും അവള്‍ അറിയാറില്ല. മോളെ.. പാത്ത്വോ.. എന്നു വിളിച്ച് ഉമ്മ വന്നു അകത്തേക്ക് വിളിച്ചുകൊണ്ട് പോകുമ്പോള്‍ അവളുടെ ഒരു ദിവസം അവസാനിക്കുന്നു.

ഒരിക്കല്‍ മണി മുറ്റത്തേക്ക് കയറിവന്ന ഒരു മൂവന്തി നേരത്ത് പാത്തു കിഴക്കേ മാനത്തേക്ക് കണ്ണിമക്കാതെ നോക്കിയിരിക്കുകയായിരുന്നു. അവന്‍ ശബ്ദമുണ്ടാക്കാതെ അവളുടെ മുന്നില്‍ ചെന്നു നിന്നു. അവള്‍ അതൊന്നും അറിയാതെ ഒരേയിരിപ്പ് തന്നെയാണ്. അവന്‍ കുറെ നേരം അതു നോക്കി നിന്നു. പിന്നെ അവളെ മനോരാജ്യത്തില്‍ നിന്നും വിളിച്ചുണര്‍ത്തി:

വാ.. പാത്ത്വോ.. നേരം ഇരുട്ടിയല്ലോ.. വാ.. പോകാം..

ശരി.. ഇക്കാക്കാ.. എന്നു പറഞ്ഞു അവള്‍ എഴുന്നേറ്റു. എന്നാല്‍ പിന്നേയും കിഴക്കേ മാനത്തേക്ക് നോക്കി അവള്‍ സംശയിച്ചു നിന്നു.

എന്താ.. പാത്ത്വോ.. എന്ന് അവന്‍ ചോദിച്ചപ്പോഴേക്കും അവള്‍ അവന്‍റെ ചുമലില്‍ പിടിച്ചു:

ഇക്കാക്കാ.. അവടെന്തോ.. അവടെന്തോ.. എന്നു പറഞ്ഞു കൊണ്ട് അവള്‍ ആകാശത്തേക്കു വിരല്‍ ചൂണ്ടി.

അവന്‍ നോക്കിയപ്പോള്‍ ആകാശത്ത് പെരുമീനുദിച്ചു പൊന്തിയിരിക്കുന്നു. അതിന്‍റെ ചുറ്റും പതിനാലാം രാവിന്‍റെ പാല്‍നിലാവും പരന്നിരിക്കുന്നു.

ഇക്കാക്കാ.. ഇക്കാക്കാ.. അത്.. അത്.. എന്നു പിറുപിറുത്തുകൊണ്ട് അവള്‍ നിലവിളിക്കാന്‍ തുടങ്ങി.മണി ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു നിന്നു.

അപ്പോഴേക്കും അകത്തുനിന്നും ആയിസുമ്മ ഓടിയെത്തി. എന്താ.. മക്കളെ എന്നു ഉമ്മയും ചോദിക്കുന്നുണ്ട്. അതിനൊരു മറുപടി കൊടുക്കാനൊന്നും മണിക്ക് അപ്പോള്‍ കഴിഞ്ഞില്ല. അവന്‍ പാത്തുവിനെ ചൂണ്ടിക്കാണിക്കുക മാത്രം ചെയ്തു.

ഉമ്മ അപ്പോഴാണ്‌ അത് കാണുന്നത്..

ഒരു വല്യപ്പടത്തിന്‍റെ വട്ടത്തില്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉമ്മാ.. അത്.. അത്.. എന്നു വിതുമ്പുകയാണ് തന്റെ മകള്‍ !

അപ്പോള്‍ മകളെ വാരിയണച്ചു പിടിച്ചുകൊണ്ട് എന്‍റെ പുന്നാരമോളേയെന്ന് ആ ഉമ്മയും ആര്‍ത്തലച്ചു കരയാന്‍ തുടങ്ങി.


ഒടുവില്‍ പാത്തുവിന്റെ വിതുമ്പല്‍ ഒരു ചിരിയായി ആ പൂനിലാവില്‍ പടര്‍ന്നു.

പാത്തുവിനു കാഴ്ച്ചകിട്ടിയ വിവരം അങ്ങിനെ നാടു മുഴുവന്‍ പരന്നു.


ഇപ്പോള്‍ പാത്തുവിനെ കാണാന്‍ വരുന്നവര്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ അറിയണം!


ആയിസുമ്മാ.. എന്താണുണ്ടായത്..?


ആയിസുമ്മാ എങ്ങിനെയാണ് ഇതു സംഭവിച്ചത്..?

അതിനെക്കുറിച്ച് എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്നു പറഞ്ഞു ആ ഉമ്മ എല്ലാവരുടേയും എല്ലാ ചോദ്യങ്ങള്‍ക്കു മുമ്പിലും ഒറ്റ മറുപടിയില്‍ ചിരിച്ചു. പിന്നെ വല്ലതും ഒക്കെ അറിയുന്നത് എന്‍റെ മുത്തിനാണ്.. എന്‍റെ മണിമുത്തിന്.. എന്ന് കൂട്ടിച്ചേര്‍ത്ത് സന്തോഷം സഹിക്കാനാവാതെ വിതുമ്പുകയും ചെയ്തു.

മണി എവിടെപ്പോയെന്ന് എല്ലാവരും ചോദിക്കും.

എന്നാലോ,മണി എവിടെപ്പോയെന്നും എല്ലാവര്‍ക്കും അറിയാം.അവന്‍ കാടും മേടും ചുറ്റി, കുന്നും മലയും കയറി ആടുകളും മരുന്നുകെട്ടുകളും ഒക്കെയായികുന്നിറങ്ങി പോക്കുവെയിലിനൊപ്പം ഇടവഴിയിലൂടരിച്ചു വരും. മരുന്നു കെട്ടുകള്‍ കുറുപ്പിന്‍റെ കളരിയില്‍ കൊടുത്ത് കളരി മുറ്റത്ത് കുട്ടികളുടെ എഴുത്തും ചൊല്ലലും കണ്ടും കേട്ടും ഇരിക്കും.

ഒരിക്കല്‍ കളരി മുറ്റത്തു നിന്നും അവനൊരു ഓലക്കീറ് കിട്ടി.

അത് പഴയ ഏതോ ഒരു വൈദ്യഗ്രന്ഥത്തില്‍ നിന്നും കീറിപ്പോയ ഒരേടായിരുന്നു. അവന്‍ അതിലെ അക്ഷരങ്ങള്‍ ഓരോന്നായി തപ്പിപ്പിടിച്ചു വായിക്കുവാന്‍ ശ്രമിച്ചു.

ദ്രാക്ഷാ മധൂക മധുക ലോധ്ര കാഷ്മര്യ ശാരിബാ.. മുസ്താ ആമലക ഹ്രീബേര പത്മ കേസര പത്മകം..

കുറുപ്പുവൈദ്യന്‍  തന്‍റെ പിന്നില്‍ വന്നു നില്‍ക്കുന്നതൊന്നും അവന്‍ അറിഞ്ഞില്ല. ആ ഓലക്കീറിലെ വരികള്‍ മുഴുവന്‍ അവന്‍ ഒരുവിധത്തില്‍ വായിച്ചു മുഴുമിപ്പിച്ചു.

അദ്ദേഹം ഒരുപാടുനേരം അവനെത്തന്നെ നോക്കി നിന്നു. അപ്പോഴേക്കും മറ്റുചിലരെല്ലാം അദ്ദേഹത്തിന്‍റെ പിന്നില്‍ നിരന്നു കഴിഞ്ഞു. അതില്‍ ചിലരുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിരിഞ്ഞു. മറ്റുചിലര്‍ അവനെ രൂക്ഷമായി നോക്കുകയും ചെയ്തു.

ഒടുവില്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഉയര്‍ന്നു:
  
നാളെ മുതല്‍ നീ ഇവിടെ ഇരിക്കാന്‍ പാടില്ല.. മനസ്സിലായോ..?

മുഖം കുനിച്ചുകൊണ്ട്  നിലത്തേക്കു നോക്കിയിരിക്കുമ്പോള്‍ വിരലുകള്‍ക്കിടയില്‍ ഇരുന്ന് ആ ഓലക്കീറ് അവന്‍റെ ഹൃദയം പോലെ വിറച്ചു.

ഇല്ല.. ഇനി ഇങ്ങിനെയൊന്നും ഉണ്ടാവില്ല.. അവന്‍ കുറ്റബോധത്തോടെ പറഞ്ഞു.

അപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് അവനെ ചുമലില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു നിര്‍ത്തി:

നാളെ മുതല്‍ നീ അവിടെ വന്നിരിക്കണം മനസ്സിലായോ..?

അവന്‍ തലയുയര്‍ത്തി ഒന്നും മനസ്സിലാവാതെ ആ മുഖത്തേക്കു നോക്കി. പിന്നെ അദ്ദേഹം ചൂണ്ടിയ ഇടത്തിലേക്ക് അവന്‍റെ കണ്ണുകള്‍ ഇഴഞ്ഞു ചെന്നു. അപ്പോള്‍ അവിടെ കണ്ട കാഴ്ച്ച അവന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.

അദ്ദേഹത്തിന്‍റെ വിരല്‍ ചൂണ്ടലില്‍ കിടന്നു കൊണ്ട് ആ എഴുത്തുകളരിയിലെ മണല്‍ത്തരികള്‍ പോലും അവനോട് ചിരിതൂകിക്കൊണ്ടിരിക്കുന്നു.

ആദ്യം അനേകം നാവുകളില്‍ നിന്നും ചില പിറുപിറുപ്പുകള്‍ അവിടെ ഉയര്‍ന്നു. അതൊന്നും ഗൌനിക്കാതെ മൌനം പാലിച്ച് നടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുണ്ടുകളില്‍ ശാന്തമായ ഒരു പുഞ്ചിരി മാത്രം കളിയാടി.

മെല്ലെമെല്ലെ ഓരോരുത്തരും ആ മൌനത്തിന്റെ അര്‍ത്ഥം ഗ്രഹിച്ചിരിക്കണം. ഒടുവില്‍ എല്ലാ മനസ്സുകളിലും വെളിച്ചം വച്ചു. എല്ലാ ചുണ്ടുകളിലും ചിരി വിടര്‍ന്നു.

ആയിസുമ്മയില്‍ നിന്നും ഇറ്റുവീണ ഏതാനും കണ്ണുനീര്‍ത്തുള്ളികള്‍ അരച്ചുകൊണ്ടിരിക്കുന്ന മരുന്നമ്മിയില്‍ തട്ടിച്ചിതറി ആ പകലിനൊരു ഔഷധവീര്യം പകര്‍ന്നു.

പുതിയ പുലരികള്‍ അവന്‍റെ വഴികളില്‍ പൂക്കള്‍ വിതറി. 


---------------------------------------------------------------------------------------------------------


മേമ്പൊടി: പൂവുകള്‍ വിതറിയ വഴിത്താരകളില്‍ പുതിയ പുലരികള്‍ വിരിയുമ്പോള്‍ മണിയുടെ ജീവിതം തുടരുന്നു. 


എഴുത്ത് കളരിയില്‍   നടന്നത് ഒരു യഥാര്‍ത്ഥ സംഭവമാണ്. മണി  കളരിയില്‍ നിന്നും എഴുത്തും വായനയും പഠിച്ചു.കുറുപ്പ് വൈദ്യരില്‍ നിന്നും വൈദ്യം പഠിച്ചു. പില്‍ക്കാലത്ത് ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (RMP) ആയി വൈദ്യവൃത്തി തൊഴിലാക്കി ജീവിതം തുടര്‍ന്നു.


ആ പിതാവിന്റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ പ്രണാമത്തോടെ ഈ വാക്കുകള്‍ ഒരു പ്രാര്‍ഥനയായി സമര്‍പ്പിക്കുന്നു.


27 അഭിപ്രായ(ങ്ങള്‍) :

ഒരു ശുഭപര്യവസായി ആയ - കുട്ടികള്ക്കും മുതിര്ന്നവര്ക്കും ആകാംക്ഷയോടെ വായിക്കാവുന്ന - ഒരു നല്ല ഉള്ളടക്കം ഉള്ള കഥ. അതെ, ഭാരതീയ വൈദ്യശാസ്ത്രത്തിലെ താളിയോല ഗ്രന്ഥങ്ങളിൽ അമൂല്യമായ മരുന്നുകളെക്കുറിച്ച് കാണാം. പാരമ്പര്യ വൈദ്യന്മാർ അത് പ്രശംസനീയമായ നിലയിൽത്തന്നെ കൈകാര്യം ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്രം ഇതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. നന്ദി, ഇക്കാ. ആശംസകൾ.
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി.
P V Ariel പറഞ്ഞു... 10/27/2013
ഇക്കാ,
വളരെ നന്നായി തികച്ചും ലളിതമെങ്കിലും
എല്ലാവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ
പറ്റും വിധം കഥ പറഞ്ഞവസാനിപ്പിച്ചു.
ഇനി ഇതിൽ അച്ചടി മഷി പുരളുകയെ വേണ്ടു!!
എത്രയും വേഗം അതിനു കഴിയട്ടെ. എല്ലാ ആശംസകളും നേരുന്നു
Philip Ariel
അഭിപ്രായങ്ങളില്‍ സന്തോഷം..കാത്തിരിക്കാം.
Pradeep Kumar പറഞ്ഞു... 10/27/2013
പുതിയ പുലരികള്‍ അവന്‍റെ വഴികളില്‍ പൂക്കള്‍ വിതറി....
ബാലമനസ്സുകൾക്കിഷ്ടം ശുഭപര്യവസാനിയായ രചനകളാണ്. അതിമനോഹരമായി പറഞ്ഞു.... എത്രയും വേഗം ഈ രചന കൂടുതൽ വായനക്കാരിലെത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.... സാധാരണ വായിക്കാറുള്ള ബാലനോവലുകളിൽ നിന്ന് ഏറെ ഉയരത്തിലാണ് ഈ രചനയുടെ സ്ഥാനം
വളരെ നന്ദി, ഈ അഭിപ്രായങ്ങള്‍ക്ക്.. സന്തോഷത്തോടെ..
ajith പറഞ്ഞു... 10/27/2013
അതീവഹൃദ്യമായ ഒരു ബാലകഥ
ഭാവനാവിലാസത്തിന് ഒരു യഥാര്‍ത്ഥസംഭവത്തിന്റെ പശ്ചാത്തലവും കൂടി അറിഞ്ഞപ്പോള്‍ ആസ്വാദ്യത വര്‍ദ്ധിച്ചതേയുള്ളു.

അനുമോദനങ്ങള്‍
നന്ദി..സന്തോഷം..
Cv Thankappan പറഞ്ഞു... 10/27/2013
ബാലസാഹിത്യത്തിനൊരു മുതല്‍ക്കൂട്ടായിരിക്കും മാഷേ 'മണിമുത്തെ'ന്ന ഈ ബാലനോവല്‍.
ഈ കൃതി പുസ്തകമാക്കി വായനക്കാരില്‍ എത്തിക്കാന്‍ വേണ്ട ശ്രമം ചെയ്യണമെന്നാണ്
എന്‍റെ അപേക്ഷ!
ആശംസകളോടെ
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.സന്തോഷം..
ശുഭപര്യവസാനിയായ സംഭവബഹുലമായ ഈ മണിമുത്ത് തീർച്ചയായും ശ്രീ തങ്കപ്പൻ പറഞ്ഞത് പോലെ ബാല സാഹിത്യത്തിനു ഒരു നല്ല സംഭാവനതന്നെ.. പുസ്തകമായി പ്രസിദ്ധീകരിക്കണം.. പ്രസിദ്ധീകരിക്കുമ്പോൾ തീർച്ചയായും അറിയിക്കണേ. കോപ്പി മുൻ കൂട്ടി ബുക്ക് ചെയ്യുന്നു. ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ
വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
വീകെ പറഞ്ഞു... 10/28/2013
നന്നായിരിക്കുന്നു ഈ ബാല നോവൽ. ഏതു പ്രായക്കാർക്കും ആസ്വാദ്യതയോടെ വായിച്ചു പോകാം. ആയൂർവേദ മരുന്നുകൾക്ക് പെട്ടെന്ന് ഫലം കിട്ടുകയില്ല. അതു പോലെയാണ് ഇതിന്റേയും അവസാനം. ഒഴിച്ച ഉടനെ കാഴ്ച കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കുമായിരുന്നില്ല അവസാനം.
അഭിനന്ദനങ്ങൾ....
സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്..നന്ദിയും..
ശ്രീ പറഞ്ഞു... 10/28/2013
ആശംസകള്‍... മാഷേ
വളരെ സന്തോഷം..നന്ദി..
mini//മിനി പറഞ്ഞു... 10/28/2013
വളരെ നന്നായിരിക്കുന്നു,, അഭിനന്ദനങ്ങൾ
നന്ദി..സന്തോഷം..
വായിച്ചു വായിച്ചു കഴിഞ്ഞപ്പോൾ കണ്ണിൽ ഒരു മൂടൽ കഥ എവിടെ അവസാനിച്ചു എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നിട്ടും അടുത്ത ഞായറാഴ എന്നുള്ള ഒരു പ്രത്യാശ ആ മൂലയിൽ
നല്ല രചന നല്ല ചിന്തയും നന്മയും ധൈര്യവും പകരുന്നുണ്ട് ജീവിതഗന്ധി കൂടി ആയിരുന്നു എന്നറിഞ്ഞപ്പോൾ മണിയുടെ മനസ്സിന്റെ വലുപ്പം കഥയെക്കാൾ വളര്ന്നു വലുതായി
വായനക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി..
Salih TK പറഞ്ഞു... 11/02/2013
Avasaanathe anjo aaro adhyayangale vaayichullu.. Athum yaadrishchikamaayi ivide ethippettappol... Assalayittund..
Salih TK പറഞ്ഞു... 11/04/2013
മുഴുവനും വായിച്ചു തീർത്തു ... ഒരിടത്തും മടുപ്പിക്കാതെ അസ്സലായി എഴുതി. ശരിക്കും മണി മുത്തിന്റെ കൂടെ യാത്ര പോയ ഫീൽ ഉണ്ട്. മലകളും കുന്നുകളും താണ്ടി മരുത്വമലയിൽ പോയിവന്ന അനുഭൂതി. ഒരു പാട് നാളുകള്ക്ക് ശേഷം ലഭിച്ച നല്ലൊരു വായനാനുഭവത്തിന് നന്ദി..!
ente lokam പറഞ്ഞു... 11/05/2013
ishttappettu..nalla ezhuthu...
Mohammed nisar Kv പറഞ്ഞു... 11/05/2013
അഭിപ്രായം പറയാന്‍ വിട്ടു പോയതാണ്...എല്ലാ ലക്കവും ഞാന്‍ ഇക്ക പോസ്ടിയപ്പോള്‍ തന്നെ വായിച്ചിരുന്നു.....ഇനി ഇതൊരു കൊച്ചു ബുക്ക്‌ ആയി ഇറക്കാന്‍ ശ്രമിക്കുക ..
മുഴുവനും വായിച്ചു തീർത്തു. പൌർണ്ണമിയിലെ നിലാവുപോലെ, തേൻ തുള്ളിപോലെ ഒരു കഥ. ഇനിയും മനോഹരങ്ങളായ കഥകൾ ഈ തൂലികയിൽ നിന്നും പിറക്കട്ടെ.
നാലഞ്ചു അദ്ധ്യായങ്ങൾ ഒരുമിച്ചാണ് വായിച്ചത് .
നോവലിനെ കുറിച്ച് ഇനി കൂടുതൽ പറയേണ്ടതില്ല,
മുകളില പലരും സൂചിപ്പിച്ച പോലെ
കുട്ടികള്ക്കും മുതിര്ന്നവര്ക്കും ആകാംക്ഷയോടെ വായിക്കാവുന്നതും നല്ല ഗുണ പാഠം ഉള്ളതുമായ ഈ കഥ പുസ്തക രൂപത്തിലാക്കണമെന്നും നമ്മുടെ കുരുന്നുകളുടെ ആസ്വാദനലോകത്തിലേക്ക് എത്തിക്കണമെന്നും അപേക്ഷിക്കുന്നു .
നന്ദി , പ്രാര്ത്ഥനകൽ
ഇടക്ക് ബ്ലോഗ്ഗ് വായന കുറവായിരുന്നത് കൊണ്ട് വായിച്ചിട്ടും അഭിപ്രായം പറയാതെ പോയിരുന്നു ...
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്നായി ആസ്വദിച്ചു വായിക്കാന്‍ പറ്റുന്ന കഥ മനോഹരമായി എഴുതി ഇക്കാ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply