മണിമുത്ത് - 4


                     മൊല്ലാക്കയുടെ വാക്ക്

താണ് നന്മയുടെ വിത്ത്.


ഇത് നീ ഈ മുറ്റത്ത് കുഴിച്ചിടുക. രണ്ടു നേരവും വെള്ളം ഒഴിച്ചു സംരക്ഷിക്കുക. അത് വളര്‍ന്നു വലുതാകുമ്പോള്‍ അത്തിപ്പഴങ്ങളുണ്ടാകും.

ആ പഴങ്ങള്‍ തിന്നാന്‍ ഇവിടെ ധാരാളം പക്ഷികള്‍ വരും. 

അങ്ങിനെ വരുന്നവയുടെ കൂട്ടത്തില്‍ അഞ്ചുനേരം നിസ്കരിക്കുന്ന ഒരു തത്തയുണ്ടാകും. അതിനെ കണ്ടെത്തണം. ആ തത്തയുടെ ഒരു തൂവലില്‍ നിന്നും വളരെ വിശേഷപ്പെട്ട ഒരു സമ്മാനം നിനക്കു ലഭിക്കും.

കലീബയുടെ വാക്കുകള്‍ വീണ്ടും സ്വന്തം മനസ്സില്‍ നിന്നും കേട്ടുതുടങ്ങിയപ്പോള്‍ ഒരു ദിവസം അവന്‍ ഉമ്മയോട് ചോദിച്ചു:

ഉമ്മാ.. നമ്മള്‍ എങ്ങിനെയാണ് ഈ നിസ്കരിക്കുന്ന തത്തയെ തിരിച്ചറിയുക?

ഉമ്മക്കും അതൊന്നും അറിയില്ല. പക്ഷെ, ഉമ്മ പറഞ്ഞു: 

ചിലപ്പോള്‍ നമ്മുടെ മൊല്ലാക്കക്ക് എല്ലാം അറിയാമായിരിക്കും. നീ പോയി മൊല്ലാക്കയോട് ചോദിച്ചു നോക്ക്..

മണി കുറച്ചു അത്തിപ്പഴവുമായി മൊല്ലാക്കയെ ചെന്നുകണ്ടു.

മൊല്ലാക്ക പഴം തിന്നു കൊണ്ടിരിക്കുമ്പോള്‍ അവന്‍ തന്റെ സംശയങ്ങള്‍ സാവകാശം ചോദിക്കാന്‍ തുടങ്ങി: 


നമ്മളെപ്പോലെ അഞ്ചു നേരവും നിസ്കരിക്കുന്ന കിളികളും ഉണ്ടാവില്ലേ മൊല്ലാക്കാ?

അതു പിന്നെ ചോദിക്കാനുണ്ടോ , സമസ്ത ചരാചരങ്ങളും അല്ലാഹുവിന്‍റെ മുമ്പില്‍ ഇബാദത്ത് ചെയ്യുന്നുണ്ട്.. 

മൊല്ലാക്കയുടെ ഉറപ്പ്.


അപ്പൊ നിസ്കരിക്കണ തത്തകളും ഉണ്ടായിരിക്കും.. അല്ലെ?


പിന്നേ.. ന്താത്ര സംശയം..? തീര്‍ച്ചയായും ണ്ടാവും.. 

മൊല്ലാക്ക അത്തിക്കുരുക്കള്‍ മുറ്റത്തേക്കു തുപ്പി ചിറി തുടച്ചുകൊണ്ടു തുടര്‍ന്നു:

ഒരു ഒഖുത്തും തെറ്റാതെ നിസ്കരിക്കണ കിളികളും ഉണ്ടെന്ന് പാട്ടിലും ബൈത്തിലും ഒക്കെ പറയുന്നുണ്ട്. മക്കാ മദീനമൊക്കെ കണ്ടു വരുന്നോരും അവരടെ കൂട്ടത്തിലുണ്ടാവും..

അപ്പോ നമ്മക്ക് എങ്ങിനെയാണ് അതിനെയൊക്കെ തിരിച്ചറിയാന്‍ പറ്റുക..?

മൊല്ലാക്ക ഒന്നിളകിച്ചിരിച്ചു കൊണ്ടു സഹതാപത്തോടെ അവനെ നോക്കി. പിന്നെ ഒരു പഴം കൂടി എടുത്തു വായിലിട്ടു കൊണ്ട്  വലിയ ആലോചനയോടെ അതു ചവച്ചരക്കാന്‍ തുടങ്ങി.

മോല്ലാക്കാ നമ്മക്ക് ആ പക്ഷികളെയൊക്കെ എങ്ങനെയെങ്കിലും തിരിച്ചറിയാന്‍ പറ്റ്വോ..? 

മണിക്ക് ഒരു ഇരിക്കപ്പൊറുതിയുമില്ല. മൊല്ലാക്കക്കു വേണ്ടി ആ അത്തിപ്പഴങ്ങള്‍ കൊണ്ടുവന്നതാണ് പുലിവാലായിപ്പോയതെന്നു തോന്നി. അത്തിപ്പഴത്തിന്റെ രുചിമധുരത്താല്‍ മൊല്ലാക്ക മറ്റെല്ലാം മറന്നു പോയിരിക്കുന്നു.


മോല്ലാക്കാ..

മണി വീണ്ടും മൊല്ലാക്കയുടെ പുകയുന്ന ചിന്തയിലേക്ക് തന്റെ ചോദ്യം ആവര്‍ത്തിച്ചു: 

മോല്ലാക്കാ നമ്മക്ക് ആ പക്ഷികളെയൊക്കെ എങ്ങനെയെങ്കിലും തിരിച്ചറിയാന്‍ പറ്റ്വോ..?


ആ.. ആ.. 

മൊല്ലാക്ക ചിന്തകളില്‍ നിന്നും പെട്ടെന്നു ഞെട്ടിയുണര്‍ന്നു.


അതുതന്നെയാണ് ഞാനും ആലോചിക്കുന്നതെന്നു പറഞ്ഞു മൊല്ലാക്ക തന്‍റെ മൊട്ടത്തല വീണ്ടും ചൊറിഞ്ഞു. 


അപ്പോള്‍ നിസ്കാരത്തഴമ്പുള്ള വിശാലമായ നെറ്റിയില്‍ ഒരുപാടു ചാലുകള്‍ ഇരുണ്ടു. ഗൌരവതരമായ ചിന്തകള്‍ ഒളിപ്പിച്ചു വച്ച അതിന്‍റെ മടക്കുകളില്‍ നിന്നും ചില വിയര്‍പ്പുകണങ്ങളും ഇറ്റു. ഒന്നുരണ്ടു കുറി നിസ്സഹായതയോടെയെന്നവണ്ണം അവനെ നോക്കുകയും ചെയ്തു.

ഒടുവില്‍ ഏറെനെരത്തെ ആലോചനകള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ മൊല്ലാക്കയുടെ നാവിന്‍ തുമ്പിലെ മധുരമെല്ലാം വറ്റി. പകരം കുരുത്തു വന്നെത്തിയ ദേഷ്യം ഉള്ളിലടക്കി മൊല്ലാക്ക ചോദിച്ചു:

അല്ല മാനേ.. അനക്കിപ്പോ ഇതൊക്കെ അറിഞ്ഞിട്ട് എന്തു കിട്ടാനാ..?

അത്.. അത്.. എന്നു ആദ്യം അവന്‍ വിക്കി. പിന്നെ പറഞ്ഞു: 

കുറെ കിളികളും കുറെ തത്തകളും ഒക്കെ അത്തിപ്പഴം തിന്നാന്‍ വരാറുണ്ട്..  അതൊക്കെ കണ്ടപ്പോ  ചോദിച്ചതാണ്..

ഹാവൂ.. 

ഒരു ആശ്വാസത്തോടെയെന്നവണ്ണം മൊല്ലാക്ക ചിരിച്ചു: 


ഇന്റെ പഹയാ..  ഈ നിസ്കരിക്കണ കിളികളെയൊക്കെ അത്രയെളുപ്പം കാണാന്‍ പറ്റൂന്നാണോ.. അന്‍റെ വിചാരം..? ന്‍റെ പൊട്ടാ.. അവറ്റകള് ഞമ്മള് മനുസമ്മാരടെ കണ്ണില് അങ്ങനെയിങ്ങിനൊന്നും വന്നു പെടില്ല.. അതൊക്കെ അമ്പിയാ ഔലിയാക്കള്‍ക്കു മാത്രം പറ്റുന്ന കാര്യങ്ങളാ ..

മൊല്ലാക്ക തുടര്‍ന്നു:

ഡാ കുട്ട്യേ.. ഇതൊക്കെ പണ്ടുപണ്ടുള്ളോരു പറഞ്ഞു കേട്ട ഒരു അറിവേയുള്ളൂ.. അവറ്റക്ക് തൊപ്പീം തലപ്പാവൂം ചെരിപ്പും പോലെ ചില അടയാളങ്ങള്‍ ഒക്കെ മേലുണ്ടാവൂത്രേ.. പിന്നെ എന്തായാലും ബാങ്ക് വിളി കേട്ടാ പടിഞ്ഞാറേ മാനം നോക്കി പറന്നും പോവേം ചെയ്യും.. ഇതൊക്കെത്തന്നെ അവരടെ ലക്ഷണം.

എല്ലാം പണ്ടുപണ്ട് ഉണ്ടായിരുന്നതു തന്നെ..

ഇപ്പോഴും കാണൂം അല്ലെ?

പൊന്നാര മാനെ.. ഇപ്പൊ തിരിട്ടു തെരഞ്ഞാലും അങ്ങനത്തേനെയൊന്നും ഞമ്മക്ക് കാണാന്‍ കിട്ടൂല.. അങ്ങനല്ലേ ഇപ്പൊ കാലം പോണ ഒരു പോക്ക്..?

അതുകൂടി കേട്ടപ്പോള്‍ അവനുണ്ടായ സങ്കടത്തിനതിരില്ല.എങ്കിലും മൊല്ലാക്കയുടെ ചുണ്ടനങ്ങുന്നതും നോക്കി അടുത്ത വാക്കുകള്‍ക്കു വേണ്ടി മിഴിച്ചിരിക്കുമ്പോള്‍ അവനു ചോദിക്കാതിരിക്കാനായില്ല: 


അപ്പൊ ഒറ്റൊന്നെങ്കിലും എവിടെയെങ്കിലും ഉണ്ടാവില്ലേ..? ചിലപ്പൊ നമ്മള്‍ക്കാര്‍ക്കും കാണാന്‍ പറ്റാഞ്ഞിട്ടാണെങ്കിലോ..? 


അവന്‍ മൊല്ലാക്കയെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്നു. ആ സങ്കടം കണ്ടറിഞ്ഞിട്ടുതന്നെയാവണം മൊല്ലാക്ക അവന്റെ പുറത്തു ആശ്വസിപ്പിക്കും പോലെ തട്ടി: 

ആ.. ചെലപ്പൊ ഒക്കെ കാണാനും വഴിണ്ട്.. പക്ഷെ, എവട്യാ.. എപ്പളാന്നൊക്കെ അല്ലാഹു അഅലം..

മൊല്ലാക്ക ഉള്ളില്‍ അടക്കിവച്ച നിസ്സഹായതയും ആ വാക്കുകളില്‍ നിഴലിച്ചു: ഇപ്പൊ ജ്ജ് പോയി  വേറൊരു ദിവസം വായോ.. പക്ഷീടെ സംസാരങ്ങളൊക്കെ മനസ്സിലാവുന്ന  നബീടെ കഥ അന്നു മൊല്ലാക്ക പറഞ്ഞു തരാം..

എന്തുകൊണ്ടോ എന്നറിയില്ല പ്രതീക്ഷയോടെത്തന്നെയാണ് അവന്‍ തിരിച്ചു പോന്നത്. 

വീട്ടില്‍ വന്ന് മൊല്ലാക്കയില്‍ നിന്നറിഞ്ഞ കാര്യങ്ങളെല്ലാം അവന്‍ ഉമ്മയോടു പറഞ്ഞു. ഉമ്മ എല്ലാം കേട്ടു മറുപടിയൊന്നുമില്ലാതെ മൌനം പാലിച്ചു.


എന്നിട്ടും അവന്‍ പാത്തുവിന്റെ കവിളില്‍ മെല്ലെ നുള്ളിക്കൊണ്ട് പ്രത്യാശയോടെ പറഞ്ഞു:

നിസ്കരിക്കുന്ന തത്തയെ പിടിച്ചു ഞാന്‍ നിനക്കുതരും..

എന്തിനാ.. ഇക്കാ..?

നിനക്കൊരു കൂട്ടിനായിട്ട്.. കൂടെ കളിക്കാന്..

അതിന് ഇക്കാക്ക   അതിനെ കണ്ടെത്തണ്ടേ..?

അതൊക്കെ.. ഞാന്‍ കണ്ടുപിടിക്കും.. 

അവന്‍റെ ആത്മവിശ്വാസം മുഴുവന്‍ ആ വാക്കുകളില്‍ പ്രതിഫലിച്ചു.

കലീഫയുടെ വാക്കുകള്‍ ഒരു കല്ലുപോലെയെന്നവണ്ണം മനസ്സിന്റെ ഉള്ളില്‍ അത്രയും ഉറച്ചുപോയിരുന്നതു കൊണ്ട് മണിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. 

അവന്‍ ഒഴിവുള്ളപ്പോഴൊക്കെ ആ അത്തിമരത്തിന്‍റെ ചുവട്ടില്‍ കാവലിരുന്നു. 


അവിടെ തത്തകള്‍ വരുന്നതും പോകുന്നതും ഒക്കെ നോക്കി മനസ്സിലാക്കി. അതില്‍ മൊല്ലാക്ക വിശേഷിപ്പിച്ച വിധം പ്രത്യേകതകള്‍ ഉള്ളവയെ കണ്ടെത്താനുള്ള ഇരിപ്പില്‍ ആഴ്ച്ചകള്‍ ദിവസങ്ങളെപ്പോലെ കടന്നുപോയി.

ഒരു ഉച്ച കഴിഞ്ഞ നേരത്ത് വളരെ യാദൃശ്ചികമായി അവന്‍ ഒരു പനം തത്തയെ കണ്ടു. 

അതിന്റെ തലയിലും കഴുത്തിലും വെളുത്തു മിന്നുന്ന ചില ഇളം തൂവലുകള്‍ ഉണ്ടായിരുന്നു. കാലുകളില്‍ ചാരനിറമുള്ള പാടുകളും.


അത് വളരെ മെല്ലെ പറന്നു വന്നു. ഒരു പഴം മാത്രം സാവധാനത്തില്‍ കൊത്തിത്തിന്നു. പിന്നെ പടിഞ്ഞാറു ഭാഗത്തേക്ക് തന്നെ പറന്നുപോയി.


ഇത് എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെട്ടു.

ലക്ഷണങ്ങള്‍ എല്ലാം മൊല്ലാക്ക പറഞ്ഞതു തന്നെയെന്നു തോന്നിയപ്പോള്‍ ഉമ്മക്ക് അവന്‍ അതിനെ കാണിച്ചു കൊടുത്തു. 

പാവം ഉമ്മ, അതു പറന്നകന്നു കണ്‍വെട്ടത്തു നിന്നും മാഞ്ഞു പോകുന്നതു വരെ പാത്തുവിനെ ചേര്‍ത്തു പിടിച്ചു ഉള്ളിലെ സങ്കടം അടക്കിപ്പിടിച്ചു. ഒടുവില്‍ അതു മാഞ്ഞു പോയ ആകാശവഴിയിലേക്ക് നോക്കി അവര്‍ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു. 


ആ പ്രാര്‍ത്ഥനക്ക് ഉത്തരം എന്ന വണ്ണം അപ്പോള്‍ അസര്‍ നമസ്ക്കാരത്തിന്റെ ബാങ്ക് വിളിയും കേട്ടു.

ഉമ്മാ.. എന്ന മണിയുടെ വിളിയില്‍ സന്തോഷത്തിന്‍റെ ഒരു കടല്‍ തന്നെ ഇരമ്പി.

അതെ, അത്‌ കലീഫ പറഞ്ഞ തത്ത തന്നെ... 

അങ്ങിനെ എപ്പോഴും ആരോ അവനോടു പറഞു കൊണ്ടേയിരിക്കുന്നു. ഊണിലും ഉറക്കത്തിലുമെന്നപോലെ അവന്‍ അതു കേള്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും അവന്‍റെ ചിന്ത ആ തത്തയെക്കുറിച്ചു മാത്രമായി.

അങ്ങിനെ അവന്‍ അതിനെ പിടിക്കാനുള്ള എന്തെങ്കിലും ഉപായം തേടിക്കൊണ്ടിരുന്നു.  

ഒരിക്കല്‍ കന്നുകാലികളെ മേയ്ക്കുന്ന ചാമിത്തന്ത അവനൊരു വിദ്യ പറഞ്ഞു കൊടുത്തു. 


തത്ത വന്നിരിക്കാന്‍ സാധ്യതയുള്ള മരക്കൊമ്പില്‍ കുറെ പശ പുരട്ടിവക്കുക. അവിടെ വന്നിരുന്നാല്‍ തത്തക്ക് പിന്നെ പറന്നു പോകാന്‍ കഴിയില്ല. അപ്പോള്‍ അതിനെ കയറിപ്പിടിക്കാം.

മണിയുടെ മഹാഭാഗ്യം. 

ചാമിത്തന്തയുടെ ആ വിദ്യ ശരിക്കും ഫലിച്ചു.

പതിവുപോലെ ഒരു ഉച്ചതിരിഞ്ഞ നേരത്ത് തത്ത പശപുരട്ടിയ കൊമ്പില്‍ത്തന്നെ പറന്നിരുന്നു. പഴം തിന്നു കഴിഞ്ഞ് പറക്കാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല.പരമാവധി ചിറകടിച്ചു നോക്കി. പരാജയപ്പെട്ടു പിടഞ്ഞുകൊണ്ട് അതു ചുറ്റും നോക്കി.

അപ്പോഴാണ്‌ കണ്ടത്.

വിജയാഹ്ലാദത്തോടെ ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖം. 

മണിയുടെ കൈകളിലിരുന്നുകൊണ്ട് അത് പിന്നെയും പിടഞ്ഞു.

മണി പാത്തുവിന്റെ മുന്നില്‍ ചെന്ന് ആര്‍ത്തു വിളിച്ചു.

പാത്തൂ.. തത്തയെ പിടിച്ചല്ലോ.. 

ഞാന്‍ നിസ്കരിക്കുന്ന തത്തയെ പിടിച്ചല്ലോ..

പാത്തു അതിനെ തൊട്ടു നോക്കി. തത്ത കൊക്കു പിളര്‍ത്തി കൊത്താന്‍ വരുന്നതൊന്നും അവള്‍ കാണുന്നില്ല. അതിന്റെ ചിറകുകളില്‍ അവള്‍ തഴുകി. 

തത്ത മണിയുടെ കൈയില്‍ ചൂളിപ്പിടിച്ചും ഇടക്ക് ചിറകടിച്ചും കൊണ്ടിരുന്നു.

ഉമ്മ ഓടി വന്നു.

ഇത് നിസ്കരിക്കുന്ന തത്ത തന്നെയാണോ മോനെ?

പിന്നല്ലാതെ.. കണ്ടില്ലേ.. തലയില്‍ തൂവല്‍ തൊപ്പി. കഴുത്തില്‍ പട്ടുറുമാല്‍ കാലിലെ നിറം കണ്ടില്ലേ ഉമ്മാ.. ഇത് മെതിയടിയാണ്..

എന്തോ ഉമ്മക്കത് നിഷേധിക്കാനായില്ല.

മണി പറഞ്ഞു: 

ഒരു കൂടുണ്ടാക്കണം. കുറെ ദിവസം കഴിയുമ്പോള്‍ ഇണങ്ങുമെന്നാ ചാമിത്തന്ത പറഞ്ഞത്..

അവന്‍ പാത്തുവിന്‍റെ ചുമലില്‍ പിടിച്ചു കുലുക്കി:

സന്തോഷായില്ലേ നിനക്ക്..?

അവള്‍ കൈകള്‍ നീട്ടി വീണ്ടും അതിനെ തൊട്ടു. പിന്നെ ചോദിച്ചു:

അപ്പോള്‍ ഇതിനു നിസ്കരിക്കാനെന്തു ചെയ്യും ഇക്കാ..? നമ്മളായിട്ട് അത് മുടക്ക്യാ പടച്ചോന്റടുത്തുന്നു നമ്മള്‍ക്ക് ശിക്ഷയുണ്ടാവൂലെ..?

മണി അത്രക്കൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. 

ഉമ്മയും ആ ചോദ്യത്തിനു മുമ്പില്‍ മനസ്സമാധാനം നഷ്ടപ്പെട്ട പോലെ നിന്നുപോയി. അതുകൊണ്ടു തന്നെ അതിനൊരു മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞുമില്ല.

ഇക്കാ..യെന്നും ഉമ്മാ..യെന്നും വിളിച്ചു വീണ്ടും പാത്തു തന്റെ സംശയം പ്രകടിപ്പിച്ചു.


ആവോ..യെന്നു മണിയുടെ ചുണ്ടുകള്‍ മന്ത്രിച്ചതേയുള്ളു തത്തയുടെ കൊക്കുകള്‍ അവന്റെ കൈത്തണ്ടയില്‍ അമര്‍ന്നു.


പിന്നെ അങ്ങിനെയൊരു ചോദ്യം കൊക്കിലുള്ളതുപോലെ അത് ഉച്ചത്തില്‍ ചിലക്കുകയും പൂര്‍വ്വാധികം ശക്തിയില്‍ ചിറകടിച്ചു പിടയുകയും ചെയ്തുകൊണ്ടിരുന്നു.(തുടരും)

8 അഭിപ്രായ(ങ്ങള്‍) :

Cv Thankappan പറഞ്ഞു... 7/14/2013
"നമ്മളായിട്ട് അത് മുടക്ക്യാ പടച്ചോന്റടുത്തുന്നു നമ്മള്‍ക്ക് ശിക്ഷയുണ്ടാവൂലെ..?"
മുടക്കരുത് മണി.പടച്ചോന്‍റെ കൃപയുണ്ടാകും.
ആശംസകള്‍
ajith പറഞ്ഞു... 7/14/2013
കഥ നല്ല രസകരമായിട്ട് തുടരുന്നു.
ഇത് ഒരു ബാലനോവല്‍ ആയിട്ട് വെളിച്ചം കാണട്ടെ എന്ന് ആശംസിയ്ക്കുന്നു
അടുത്ത അദ്ധ്യായം വായിക്കാനുള്ള കൊതിയോടെ...
Good. Adutha bhaagam varatte....
വീ കെ പറഞ്ഞു... 7/16/2013
നന്നാവുന്നുണ്ട്....
എന്നാലും പാവം മണിയുടെ കയ്യിൽ കൊത്തണ്ടായിരുന്നു...
സി വി തങ്കപ്പന്‍ ,
അജിത്ത് ,
ഭാനു കളരിക്കല്‍ ,
ഡോക്ടര്‍ പി മാലങ്കോട് ,
വികെ,
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി..
നന്മയുടെ ജീവനുള്ള കഥ ,മികവോടെ തെളിമയോടെ
aswathi പറഞ്ഞു... 11/01/2013
ആ തത്തയെ കിട്ടി അല്ലെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply