മണിമുത്ത് - 9


കാളരാത്രി  
മാഷ്‌ പോലിസ്‌ സ്റ്റേഷനില്‍ പോയി വിവരങ്ങള്‍ എല്ലാം പറഞ്ഞു.

പോലീസുകാര്‍ വന്നു മണിയെ ഒരുപാടു നേരം ചോദ്യം ചെയ്തു.


തലേന്ന് രാത്രി ആല്‍ത്തറയില്‍ സംഭവിച്ചതെല്ലാം അവന്‍ വിശദമായി പറഞ്ഞു. ഒരു കെട്ടുകഥ കേട്ട പോലെ ചിലപ്പോള്‍ അവര്‍ ചിരിച്ചു. 


പിന്നെ നായയെയും കോഴികളേയും ഒക്കെ പരിശോധിച്ചു. 


അവനെ ഉടനെ പറഞ്ഞു വിടരുതെന്ന് സൂചിപ്പിച്ചതിനു ശേഷം അവര്‍ പോയി.

അവന്‍ അവിടെ കുത്തിയിരുന്നു.

വൈകുന്നേരം വേഷം മാറിയ ആറു പോലീസുകാര്‍ വന്നു. നാലുപേര്‍ വീടിനു ചുറ്റും ആരും കാണാത്ത സ്ഥലങ്ങളില്‍ കാവലിരുന്നു. രണ്ടുപേര്‍ അകത്തുള്ള ഒരു മുറിയില്‍ ഒളിച്ചിരുന്നു. 


ഭക്ഷണം ഒക്കെ നേരത്തെത്തന്നെ കഴിച്ചു അവര്‍ മൂന്നു പേരും അകത്തു മറ്റൊരു മുറിയില്‍ ഉറങ്ങാതെ ഇരുന്നു.


ആരും ഒന്നും മിണ്ടാന്‍ പാടില്ല. അതുകൊണ്ട് മണി വീടിനെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നു. 


ഉമ്മയും പാത്തുവും ഉറങ്ങിയിട്ടുണ്ടാകും. ചിലപ്പോള്‍ തന്നെക്കുറിച്ചു ചിന്തിച്ചു കൊണ്ട് ഉറങ്ങാതെ കിടക്കുകയായിരിക്കും.മൂത്താപ്പമാരാരെങ്കിലും വന്നു തന്നെ അന്വേഷിച്ചിരിക്കുമോ ആവോ? ഉണ്ടെങ്കില്‍ ഉമ്മയെന്തു നുണയാണ് പറഞ്ഞിരിക്കുക?


ഇങ്ങിനെ ഓരോന്നൊക്കെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ അവനുറക്കം വന്നു.


എപ്പോഴോ പുറത്തു നിന്നും ചില ബഹളങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തുടങ്ങി.ഒരു വെടിയുടെ ഒച്ച അവനും തിരിച്ചറിഞ്ഞു. അപ്പോള്‍ ഒരു നിലവിളി.


എവിടെയോ ജനാലഗ്ലാസ്സുകള്‍ പൊട്ടിവീണു. 


ആരൊക്കെയോ ഒടുന്നതിന്റെയും ചാടുന്നതിന്റെയും ശബ്ദങ്ങള്‍ . അവന്‍ ഭയന്നു ഞെട്ടിയെഴുന്നേറ്റു നിന്നു. അപ്പോള്‍ മാഷ്‌ അവന്‍റെ തോളില്‍ പിടിച്ചു അവിടെത്തന്നെ ഇരുത്തിക്കളഞ്ഞു.


കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു അവരെ വിളിച്ചു.

അതില്‍ ഒരാള്‍ അഭിനന്ദനസൂചകമായി അവന്‍റെ പുറത്തു തട്ടി. 

അയാള്‍ പറഞ്ഞു: 

മൂന്നു പേരെ കിട്ടിയിട്ടുണ്ട്. ഒരാള്‍ രക്ഷപ്പെട്ടു. അവനെ ഞങ്ങള്‍ ഉടനെത്തന്നെ പിടികൂടും.


മുറ്റത്ത് കൈകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ മൂന്നുപേരേയും നിരത്തി നിര്‍ത്തിയിരുന്നു. 


എല്ലാവരും കരിമ്പനക്കുറ്റികള്‍ തന്നെ. കൊമ്പന്‍ മീശയുള്ള തലവന്‍ ഒഴിച്ച് മറ്റു മൂന്നു പേരുമായിരുന്നു അത്. 


കള്ളസന്യാസിയെ ആയമ്മ പെട്ടെന്നു തിരിച്ചറിഞ്ഞു. അയാള്‍ തലതാഴ്ത്തി നില്‍ക്കുന്നതിനിടയില്‍ ഇവനെ എവിടെവച്ചോ കണ്ടിട്ടുണ്ടല്ലോ എന്നമട്ടില്‍ അവനെയും നോക്കുന്നുണ്ട്.


പോലീസുകാര്‍ അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


ആയമ്മ നേരം വെളുക്കും വരെ പേടിച്ചു ഉറങ്ങിയിട്ടുണ്ടാവില്ല.


അവനും വൈകിയാണ് ഉണര്‍ന്നത്. 


അവര്‍ അവനു ഭക്ഷണം കൊടുത്തു. അവന്‍ അവരോടു യാത്ര ചോദിച്ചു. 


രണ്ടു ദിവസം അവിടെ താസിച്ചോളൂ എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അവന്‍ ചിരിച്ചു കൊണ്ട് വിസമ്മതിച്ചു.


ജോലി അന്വേഷിച്ചാണ് വന്നിരിക്കുന്നതെങ്കില്‍ അവിടെ നിന്നോളാന്‍ മാഷ്‌ പറഞ്ഞു. 


അല്ലെന്നവന്‍ പറഞ്ഞപ്പോള്‍ മാഷ്‌ കുറച്ചു പണം നല്‍കി. അവന്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. എന്തെങ്കിലും സ്വീകരിക്കാതെ വിടില്ലെന്ന് മാഷും.അവന്‍ ഒരാലോചാനയോടെ ചില മാത്രകള്‍ നിന്നു.


എനിക്കൊന്നും വേണ്ട. എന്നാല്‍ എനിക്കൊരു കാര്യം അറിയണമായിരുന്നു..


ഒടുവില്‍ അവന്‍ പറഞ്ഞു: ഈ പട്ടണത്തില്‍ പേരുകേട്ട ഒരു തട്ടാനുണ്ടോ..? വളരെ പണക്കാരന്‍ ..? അയാളെ അറിയുമെങ്കില്‍ പറഞ്ഞു തരണം.


മാഷ്‌ ആലോചിച്ചു നോക്കി.


ആ.. അങ്ങിനെ ഒരാളുണ്ട്. കുറച്ചു പോയാല്‍ ഒരു ക്ഷേത്രം കാണും. അതിന്‍റെ കിഴക്കു മാറിയാണ് അയാളുടെ വീട്.. വീടെന്നു പറയാനും പറ്റില്ല.. ഒരു.. ഗുഹ..


അല്ല.. എന്തിനാ നീ തട്ടാനെ കാണുന്നത്..?


വെറുതെ..


അയാള്‍ അറുപിശുക്കനാണെന്നാ കേള്‍വി. ആരെയും ഒന്നും സഹായിക്കില്ല. പണിക്കാര്‍ക്ക് നേരെചൊവ്വെ കൂലി പോലും കൊടുക്കാത്തോനാ..പണത്തിനല്ല, എന്തിനായാലും അയാളെ കണ്ടാല്‍ പ്രയോജനം ഒന്നും ഉണ്ടാവില്ല.


പണിക്കൊന്നും അല്ല.. 


അതു കേട്ടപ്പോള്‍ അവന്‍റെ ആഹ്ലാദത്തിന് അതിരില്ല. എങ്കിലും അവന്‍ എല്ലാം അടക്കി നിന്നു.


എന്താ കുട്ടീ കാര്യം..? മടിക്കണ്ട പറഞ്ഞോളൂ എന്നു പറഞ്ഞു മാഷ്‌ അവന്‍റെ പുറത്തു തട്ടി. 


അവന്‍ പറഞ്ഞു.


ഒരു മരുന്നിനെക്കുറിച്ചറിയാനാണ്..


തട്ടാന് എന്താണ് മരുന്നുമായിട്ടുള്ള ബന്ധമെന്ന് മാഷും ആലോചിക്കുന്നുണ്ട്.


അവന്‍റെ കാര്യത്തില്‍ തന്നെ ഒരെത്തും പിടിയും കിട്ടാതെ തല പുകയുമ്പോഴാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ഇങ്ങിനേയും ചിലതെല്ലാം. 


അതുകൊണ്ടായിരിക്കണം മാഷ്‌ പറഞ്ഞു: എന്തായാലും കാര്യമൊന്നും ഉണ്ടാവില്ല. അയാള്‍ അത്രക്ക് മോശകോടനാ..


എന്നാലും പോയി നോക്കാം..


എന്നാ വരൂ .. ഞാന്‍ കാണിച്ചു തരാം..


ഒരു പലഹാരപ്പൊതി കൊടുത്തുകൊണ്ട് ആയമ്മ ഓര്‍മ്മപ്പെടുത്തി: മടങ്ങിപ്പോകുമ്പോള്‍ നീ തീര്‍ച്ചയായും ഇതിലെ വരണം.


വരാം.. അവന്‍ സമ്മതിച്ചു.


അവന് തട്ടാന്‍റെ വീടു കാണിച്ചു കൊടുത്ത ശേഷം മാഷ്‌ സ്കൂളിലേക്കു പോയി.


അവന്‍ നേരെ ചെന്നു തട്ടാന്‍റെ വാതിലില്‍ മുട്ടി വിളിച്ചു:


തട്ടാനെ.. തട്ടാനെ..


ആരാത്..?


ആ വാതിലിന്‍റെ ഒരു പാളി അല്‍പ്പം അകന്നു. അതില്‍ നിന്നും ഒരു തല മാത്രം പുറത്തേക്കു നീണ്ടു.


ഞാന്‍ മണി..


മുത്തല്ലല്ലോ.. ദേഷ്യപ്പെട്ട ഒരു നോട്ടം. നിനക്കെന്തു വേണം..? 


കളിയാക്കിക്കൊണ്ടൊരു ചോദ്യം..!


എനിക്ക് തട്ടാനെക്കാണണം.. 


അവന്‍റെ ഉറച്ച ശബ്ദം.


ഒരു നിമിഷം ആ തല അനങ്ങാതിരുന്നു. പിന്നെ അകത്തേക്കു വലിഞ്ഞു. അടുത്ത നിമിഷം അകത്തുനിന്നും ഒരു കുശുകുശുപ്പ് കേട്ടു. അതിനടുത്ത നിമിഷം ഒരു വാതില്‍പ്പാളി മുഴുവനും തുറന്നു.


അകത്തു വരൂ..


അവന്‍ അകത്തു കടന്നു ചുറ്റും നോക്കി.


ഒരു വയസ്സിത്തള്ളയാണ് ആ വാതില്‍ തുറന്നത്. 


വരൂ.. എന്നു പറഞ്ഞു ആ തള്ളയവനെ നീണ്ട ഇരുണ്ട ഒരിടനാഴിയിലൂടെ കൂട്ടിക്കൊണ്ടു പോയി. 


അവര്‍ ഒരു മുറി ചൂണ്ടി അവനോടിരിക്കാന്‍ പറഞ്ഞു പുറത്തു പോയി.


അല്‍പ്പം കഴിഞ്ഞപ്പോള്‍ തട്ടാന്‍ കയറി വന്നു.


കറുത്തു മെലിഞ്ഞു അകത്തേക്കു സാമാന്യത്തിലധികം വളഞ്ഞു നര കയറിയ ഒരു മനുഷ്യന്‍ . മുഖത്ത് വളരെ പഴയ കട്ടിച്ചില്ലുള്ള ഒരു കണ്ണട കെട്ടിവച്ചിട്ടുണ്ട്. പക്ഷെ അതിന്‍റെ മുകളിലൂടെയാണ് ഉരച്ചു നോക്കുന്ന അരത്തിന്‍റെ നോട്ടം.


ഉം.. നീയാരാണ്..? നിനക്കെന്തു വേണം..?


ഒരു മയവുമില്ലാത്തപോലെയാണ് അയാളുടെ ആ ചോദ്യം.


എന്നാല്‍ തട്ടാനോടു പറയേണ്ട ഒരു മറുപടി നേരത്തെത്തന്നെ അവന്‍ കണ്ടു പിടിച്ചിരുന്നു.


ഒരു മുത്ത് വില്‍ക്കാനുണ്ട്..
(തുടരും)

9 അഭിപ്രായ(ങ്ങള്‍) :

Cv Thankappan പറഞ്ഞു... 8/18/2013
നന്മനിറഞ്ഞ മനസ്സുള്ളവര്‍ക്ക് നന്മ കൈവരും.
നന്നായി മാഷെ.
ആശംസകള്‍
ആൾരൂപൻ പറഞ്ഞു... 8/18/2013
കഥ ഞാൻ പിന്തുടരുന്നുണ്ട്!!!!!!!!
മുല്ല പറഞ്ഞു... 8/18/2013
rasamund vayikkan
ajith പറഞ്ഞു... 8/18/2013
മുല്ലവള്ളി ഇവിടെയൊക്കെയുണ്ടോ?
ബ്ലോഗില്‍ കണ്ടിട്ട് കുറെ നൂറ്റാണ്ടുകളായതുപോലെ തോന്നുന്നല്ലോ!
ajith പറഞ്ഞു... 8/18/2013
ഇത് കൊള്ളാട്ടോ
മുമ്പ് ഞാന്‍ പറഞ്ഞത് ഒന്നൂടെ ആവര്‍ത്തിക്കട്ടെ.
ഇതൊരു പുസ്തകമായി ഇറങ്ങേണ്ടതാണ്.
Pradeep Kumar പറഞ്ഞു... 8/18/2013
തീർച്ചയായും....
ഇതൊരു പുസ്തകമായി ഇറങ്ങുകതന്നെ വേണം.....
വായിക്കുന്നു...
അതെ ഒരു കുഞ്ഞു പുസ്തകം ആയി ഇത് ഇറങ്ങുക തന്നെ വേണം
ഞാൻ മണിയുടെ പുറകെത്തന്നെ ഉണ്ട്. അവന്റെ പിന്നാലെ യാന്ത്രികമായി.
ആശംസകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply