മണിമുത്ത് - 2


അവിചാരിതമായി ഒരതിഥി

കാട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അതുകൊണ്ടു തന്നെ ആപത്ഘട്ടങ്ങളില്‍ യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവന്റെ കൊച്ചു മനസ്സിന് എളുപ്പം കഴിഞ്ഞു. സഹജീവികളോടെല്ലാം ദയയും കാരുണ്യവും കാണിക്കാന്‍ ഉമ്മയും അവനെ പഠിപ്പിച്ചു.

അവന്‍ വൃദ്ധന്റെ അരികില്‍ കുനിഞ്ഞിരുന്നു.അയാള്‍ കുറുകിയ ശബ്ദത്തില്‍ ശ്വാസോഛ്വാസം ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി. അപ്പോള്‍ അവന്‍ അയാളുടെ നെഞ്ചില്‍ കുലുക്കി വിളിച്ചു. ആ.. ആ.. എന്നു വൃദ്ധന്‍ ഞരങ്ങാന്‍ തുടങ്ങിയപ്പോള്‍ അവനും ആശ്വസിച്ചു.

എന്താ ഉപ്പാപ്പാ എന്നവന്‍ ചോദിച്ചപ്പോഴേക്കും അയാള്‍ കണ്ണുമിഴിച്ചു. അവന്‍ അയാളെ എഴുന്നേല്‍പ്പിച്ചിരുത്തി. അപ്പോള്‍ തനിക്കിത്തിരി വെള്ളം വേണമെന്ന് ഒരുവിധം വൃദ്ധന്‍ പറഞ്ഞൊപ്പിച്ചു. അവന്‍ ചുറ്റും നോക്കി.പിന്നെ ഓര്‍ത്തു നോക്കി. അടുത്തൊന്നും വീടുകളില്ലാത്തതു കൊണ്ട് വെള്ളം കിട്ടാന്‍ മാര്‍ഗ്ഗമൊന്നും കണ്ടില്ല.

" ഉപ്പാപ്പാ വെള്ളം കിട്ടാന്‍ കുറച്ചു കൂടെ പോകണം "

വൃദ്ധന്‍ അവനെ ദയനീയമായി നോക്കി. അപ്പോള്‍ അവനൊരു സൂത്രം തോന്നി. അവന്‍ ചോദിച്ചു :

" ഉപ്പാപ്പാ തല്‍ക്കാലം കുറച്ച് ആട്ടിന്‍ പാല്‍ മതിയോ..? "

വൃദ്ധന്‍ തലകുലുക്കി. ഊം.. 

എന്തായാലും തന്റെ തൊണ്ടയൊന്നു നനഞ്ഞു കിട്ടിയാല്‍ മതിയെന്ന മട്ടിലായിപ്പോയിരുന്നു അയാള്‍  

അവന്‍ ഒരു ഇലക്കുമ്പിളില്‍ ആട്ടിന്‍ പാല്‍ കറന്നു. വൃദ്ധന്റെ വായിലേക്ക് ഒഴിച്ചുകൊടുത്തു.

അതു കുടിച്ച് ഹാവൂ..എന്ന് അയാള്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു.

ഉപ്പാപ്പ ഇന്നൊന്നും കഴിച്ചില്ലേ എന്ന അവന്റെ ചോദ്യത്തിനും വൃദ്ധന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. 

ഉപ്പാപ്പ കലീബയല്ലേ എന്ന അടുത്ത ചോദ്യത്തിന് അതേയെന്നയാള്‍ തന്റെ നീണ്ട താടി തടവി.

ഞാനൊരു കലീബയാണ്.നാടുകള്‍ ചുറ്റുന്ന കലീബ.നാട്ടുകാര്‍ക്ക് നല്ലതു മാത്രം പറഞ്ഞുകൊടുക്കുന്ന കലീബ.. അയാള്‍ അവന്‍റെ നെറുകില്‍ തലോടി.

നീയാരാണ്..? നിന്റെ പേരെന്താണ്..?

ഞാന്‍ മണിയാണ്.. ഈ ആടുകളെയും കൊണ്ട് കാട്ടില്‍ നിന്നും വരികയാണ്.

അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.. നിന്റെ വീടെവിടെയാണ്..? ഇന്ന് രാത്രി എനിക്കു തങ്ങാന്‍ വേറെ ഒരിടമില്ല..

വളരെ പ്രതീക്ഷയോടെയാണ് കലീബയുടെ വാക്കുകള്‍ . അവന്‍ അതിന്റെ പൊരുള്‍ എളുപ്പം മനസ്സിലാക്കി.

ഉപ്പാപ്പ വരൂ.. ഇന്നെന്‍റെ വീട്ടില്‍ കൂടാം.. നടന്നൂടെ..? ഞാന്‍ പിടിക്കാം.. എഴുന്നേറ്റോളൂ.
.

നീ ഉപ്പാപ്പയുടെ ആ വടി ഒന്നെടുത്ത് തരൂ.. പിന്നെ എന്റെ ഭാണ്ഡവും.

വൃദ്ധന്‍ വടി കുത്തിപ്പിടിച്ച് എഴുന്നേറ്റു നിന്നു. അവന്‍ അയാളെ നടക്കുവാന്‍ സഹായിച്ചു. അതുവരെ കാത്തു നിന്ന ആടുകള്‍ അവനെ മനസ്സിലാക്കിയ മട്ടില്‍ വീണ്ടും നടന്നു പോയി. അങ്ങിനെ അവര്‍ വീട്ടിലെത്തി.

ഉമ്മ അവനെ കാത്ത് ഉമ്മറത്തു കുത്തിയിരിക്കുകയായിരുന്നു. 

മണ്‍തിണ്ണയില്‍ കത്തിച്ചു വച്ച ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ ഉമ്മയുടെ മുഖത്തെ ഉല്‍ക്കണ്ഠയും ഭയവുമൊക്കെ തിരിച്ചറിയാമായിരുന്നു.

മകന്റെ കൂടെ ഒരു കലീബയെ കൂടി കണ്ടപ്പോള്‍ അവര്‍ ബഹുമാനത്തോടെ അകത്തേക്കു നടന്ന് വാതില്‍ മറവില്‍ നിന്നു. 

മണി ഉണ്ടായ കാര്യങ്ങളെല്ലാം ഉമ്മയെ ധരിപ്പിച്ചു. അവര്‍ ഒരു പുല്‍പ്പായ കൊണ്ടുവന്നു ഉമ്മറത്തു വിരിച്ചു.

ഇരുന്നോളിന്‍ .. കുറച്ചു കഴിയുമ്പോഴേക്കും കഞ്ഞിയൊക്കെ ആവും.

അതൊക്കെ മതി. തല്‍ക്കാലം കുറച്ചു വെള്ളം കിട്ടണം. നിസ്കരിച്ചു കഴിഞ്ഞു വിശേഷങ്ങള്‍ ഒക്കെ പറയാം.

മണി അകത്തേക്കു പോയി. 

കാട്ടുപഴങ്ങള്‍ കൊച്ചുപെങ്ങളുടെ കൈയ്യില്‍ വച്ചു കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു: 

മോളറിഞ്ഞോ പുറത്തൊരു കലീബയിരിക്കുന്നുണ്ട്. പാവം, വഴിയില്‍ കിടക്കുകയായിരുന്നു.ഞാന്‍ വിളിച്ചുകൊണ്ടു പോന്നു.

അവള്‍ ശൂന്യതയിലേക്ക് കാതോര്‍ത്തു: 

ആ .. കേള്‍ക്കാനുണ്ട്.. വളരെ വയസ്സായ ആളാണെന്നു തോന്നുന്നു.

അതേ.. വളരെ വയസ്സനാണ്. ചിലപ്പോള്‍ നൂറ് വയസ്സു കാണും.

നേരോ..! അവള്‍ അത്ഭുതം കൂറി. 

എങ്കില്‍ .. വല്യ സിദ്ധികളുള്ള ആളായിരിക്കില്ലെ?

ആയിരിക്കും.. 

മണിക്കും അക്കാര്യത്തില്‍ സംശയം ഒന്നുമില്ല.

എങ്കില്‍ ഇക്കാക്കാ എനിക്ക് കണ്ണുകാണാനുള്ള എന്തെങ്കിലും മരുന്ന് ആ കലീബയുടെ കയ്യിലുണ്ടോന്ന് ഒന്നു ചോദിച്ചു നോക്കിയാലോ..?

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ചങ്കിടറി.

ചോദിക്കാം.. ഇപ്പോള്‍ തന്നെ ചോദിക്കാം എന്നു അവളെ സമാധാനിപ്പിച്ചുകൊണ്ട് അവന്‍ പുറത്തേക്കു വന്നു.

അപ്പോള്‍ കലീബ നിസ്കാരപ്പായയില്‍ എല്ലാം മറന്നുകൊണ്ടുള്ള പ്രാര്‍ഥനയിലായിരുന്നു. 

പ്രാര്‍ഥന കഴിഞ്ഞപ്പോഴേക്കും ഉമ്മ കലീബയുടെ മുന്നില്‍ കഞ്ഞിപ്പാത്രം കൊണ്ടു വന്നു വച്ചു. 

കലീബ സാവധാനം കഞ്ഞി കുടിച്ചു.പിന്നെ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു.

മോന്‍ വരൂ..

കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോള്‍ കലീബ മണിയെ വിളിച്ച് അരികിലിരുത്തി.

നീ മിടുക്കനാണ്.. നല്ലവനാണ്.. 

കലീബ അവനെ തലോടി. അനന്തരം അവന്റെ ഉമ്മയോടു പറഞ്ഞു:

മോളെ.. ഇവന്‍ നിന്റെ ഭാഗ്യമാണ്. ഇങ്ങിനെയുള്ള നല്ല സന്താനങ്ങളാണ്  മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വത്ത്. എല്ലാം പടച്ചവന്റെ കാരുണ്യം.അതിന്നു നീ അവനോടെന്നും നന്ദി പറയണം.

ഉമ്മയുടെ നിറകണ്ണുകള്‍ മണി കാണുന്നുണ്ടായിരുന്നു. 

അപ്പോഴാണ് വാതില്‍ മറവില്‍ നിന്നും പാത്തുവിന്റെ നിഴല്‍  പ്രത്യക്ഷപ്പെടുന്നത്.  കലീബ അവളെ വിളിച്ചു.

അല്ല.. ഇതാരാണ് ..?  ഉപ്പാപ്പടെ അടുത്തേക്ക് വാ മകളേ..

ഇതാണ് എന്റെ  കൊച്ചുപെങ്ങള്‍ പാത്തു.. മണി പറഞ്ഞു.

ഉമ്മ പാത്തുവിനെ കൈപ്പിടിച്ചു കൊണ്ടുവന്ന് കലീബയുടെ അടുത്തിരുത്തി.

കലീബ അവളുടെ മൂര്‍ദ്ധാവില്‍ കൈപ്പത്തി വച്ചപ്പോള്‍ അവള്‍ അകക്കണ്ണുകൊണ്ട് എല്ലാം കാണും വിധം മുഖമുയര്‍ത്തി. അപ്പോള്‍ കലീബ ആ കണ്ണുകള്‍ കണ്ടു.

അപ്പോഴേക്കും മണി പറഞ്ഞു: ഉപ്പാപ്പാ.. ഇവള്‍ക്ക് രണ്ടു കണ്ണും കാണില്ല.. ഇവള്‍ ഇതുവരെ ഒന്നും കണ്ടിട്ടില്ല..

കലീബ ഒന്നും മിണ്ടിയില്ല. രണ്ടു വിരലുകള്‍ കൊണ്ട് പാത്തുവിന്റെ കണ്‍പോളകള്‍ വിടര്‍ത്തി അതിലെന്തോ തിരയുന്നതുപോലെ കുറെ സമയം നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളെ ആശ്വസിപ്പിച്ചു: 

എല്ലാം കാണുന്ന അല്ലാഹു ഉണ്ടല്ലോ.. പിന്നെന്തിന് ബേജാറാവണം? ആ സര്‍വ്വശക്തന്‍ നിന്നെയും കാത്തു രക്ഷിക്കും..

കലീബയുടെ നീണ്ടതാടിയില്‍ അപ്പോഴും നമസ്കാരത്തിന് അംഗശുദ്ധി വരുത്തിയതിന്റെ വെള്ളത്തുള്ളികള്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. അതില്‍ ചിലത് പാത്തുവിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളുമായി ആ പുല്‍പ്പായില്‍ ഇടകലര്‍ന്നു.

നോക്കൂ മക്കളെ..നമ്മള്‍ ചെയ്യുന്ന നന്മകള്‍ മാത്രമാണ് പില്‍ക്കാലത്ത് ശ്രേഷ്ഠമായ കര്‍മ്മങ്ങളായിത്തീരുന്നത്. അങ്ങിനെയുള്ള ഉത്തമമായ കര്‍മ്മങ്ങള്‍ പല അത്ഭുതങ്ങളുമായി നമ്മെത്തന്നെ അനുഗ്രഹിക്കും.നാടോടിയായ ഈ ഫക്കീറിനെ അനുഭവങ്ങള്‍ അതാണ് പഠിപ്പിച്ചത്.അതുകൊണ്ട് എപ്പോഴും നല്ലതുമാത്രം ചിന്തിക്കുക.നന്മ മാത്രം പ്രവര്‍ത്തിക്കുക. ഇനിയുള്ളതെല്ലാം റബ്ബിന്‍റെ കയ്യിലാണ്..

കലീബ അവളെ തലോടി ആശ്വസിപ്പിച്ചു. 

പിന്നെ പല നാടുകളില്‍ ചുറ്റിസ്സഞ്ചരിച്ചതും പലതരം മനുഷ്യരെ കണ്ടുമുട്ടിയതുമായ കഥകള്‍ പറയാന്‍ തുടങ്ങി.

ആ കഥയില്‍ അവളെക്കാള്‍ ഏറെ ദുഖിതരും അവരെക്കാള്‍ ദുരിതരും ആയ ഒരുപാട് ആളുകള്‍ കടന്നു വന്നു. 

ഓരോ കഥ കഴിയുമ്പോഴും അവരെക്കാളൊക്കെ സൌഭാഗ്യവാന്മാരായി പടച്ചതിനു അദ്ദേഹം അല്ലാഹുവിനോട് നന്ദി പറഞ്ഞു.

അങ്ങിനെ പറഞ്ഞു പറഞ്ഞു കലീബ ഉറങ്ങി.


(തുടരും)

26 അഭിപ്രായ(ങ്ങള്‍) :

വൃദ്ധന്‍ വടി കുത്തിപ്പിടിച്ച് എഴുന്നേറ്റു നിന്നു.അവന്‍ അയാളെ നടക്കുവാന്‍ സഹായിച്ചു.അതുവരെ കാത്തു നിന്ന ആടുകള്‍ അവനെ മനസ്സിലാക്കിയ മട്ടില്‍ വീണ്ടും നടന്നു പോയി മനോഹരം മോഹമ്മക്ക ആടുകളുടെ ചലനം പോലും കഥയിൽ താങ്കൾ ആവാഹിച്ചിരിക്കുന്നു കലീബയുടെ താടിയിൽ നിന്നിറ്റുന്ന കണ്ണുനീര തുള്ളി മനോഹരം ബാലസാഹിത്യത്തിന് ഇതൊരു മുതൽ കൂട്ടവും ഉറപ്പു സർവശക്തൻ അനുഗ്രഹം
നല്ല കഥ വായിക്കാൻ വീണ്ടും വരാം
കൊള്ളാം നന്നായി എഴുതി
നന്മയുള്ള കഥ തുടരട്ടെ
Cv Thankappan പറഞ്ഞു... 6/30/2013
നന്മനിറഞ്ഞ ഒരു കുടുംബത്തിന്‍റെ പ്രകാശംപരത്തുന്ന ബാലനോവലിന്‍റെ തുടക്കം ഹൃദയാര്ജ്ജവമായി.മനോഹരമായി.
ആശംസകള്‍
ഒരു ബാലരമയോ പൂമ്പാറ്റയോ വായിച്ച പ്രതീതി.
ഹമ്പട കള്ളാ മംച്ചൂ, സമ്മതിച്ചിരിക്കുന്നു.(മെയില്‍ വഴി അറിയിച്ചതിനു നന്ദി ഭായീ)
വളരെ മനോഹരമായ ആഖ്യാനം. അടുത്തത് വായിക്കട്ടെ. ഈ വരികള്‍ കുറിച്ചെടുത്തു.

//കലീബയുടെ നീണ്ടതാടിയില്‍ അപ്പോഴും നമസ്കാരത്തിന് അംഗശുദ്ധി വരുത്തിയതിന്റെ വെള്ളത്തുള്ളികള്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. അതില്‍ ചിലത് പാത്തുവിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളുമായി ആ പുല്‍പ്പായില്‍ ഇടകലര്‍ന്നു.//
ആൾരൂപൻ പറഞ്ഞു... 6/30/2013
കഥയുടെ തുടക്കം നന്നായി. അപ്പോൾ കഥ നന്നായിരിക്കും. ഒരു കുട്ടിയായി ഞാനും ഇനി ഇവിടെ കാണും.
വായിപ്പിക്കുന്ന വിവരണം. രസകരം. ഇനിയും വരും വായിക്കും. അഭിനന്ദനങ്ങള്‍
ajith പറഞ്ഞു... 7/01/2013
നന്മയുടെ കഥ
അത്ഭുതങ്ങളുടെയും

തുടര്‍ന്ന് വായിയ്ക്കാം
Madhusudanan Pv പറഞ്ഞു... 7/01/2013
കഥ ഉൽക്കണ്ഠാജനകം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്മകള്‍ പുഞ്ചിരി പൊഴിക്കുന്ന സൗരഭം.കറുത്ത കാലത്തിന്‍റെ ഉമ്മറത്തിണ്ണയില്‍ പുതു വെളിച്ചത്തിന്റെ പൊന്‍നാമ്പ് തിരി നീട്ടട്ടെ....
vettathan g പറഞ്ഞു... 7/01/2013
നല്ല അവതരണം.
Jefu Jailaf പറഞ്ഞു... 7/01/2013
നന്മ നിറഞ്ഞു നില്ക്കുന്നു ഓരോ വരികളിലും. /..... പാത്തുവിന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികളുമായി ആ പുല്‍പ്പായില്‍ ഇടകലര്‍ന്നു.../ മനസ്സില് തട്ടിയ ഭാഗം. അഭിനന്ദനങ്ങൾ ഇക്ക
വീ കെ പറഞ്ഞു... 7/01/2013
കഥ നന്നായി വരുന്നു. ആകാംക്ഷ നിറക്കുന്ന രചന. ഇനിയും വരാം.
ആശംസകൾ...
പാത്തൂന്റെ കണ്ണീരു കണ്ടപ്പോ ന്റെ മിഴികളിലും നീർത്തിളക്കം .... എന്റെ ബ്ലോഗിന്റെ പേരും മണിമുത്തുകൾ എന്നാണ് .
വളരെ ലളിതമായ സുഖകരമായ ആഖ്യാനം. കലീബ പറയുന്ന കഥകൾ വരട്ടേ!
prakashettante lokam പറഞ്ഞു... 7/02/2013
“കലീബ ഒന്നും മിണ്ടിയില്ല. രണ്ടു വിരലുകള്‍ കൊണ്ട് പാത്തുവിന്റെ കണ്‍പോളകള്‍ വിടര്‍ത്തി അതിലെന്തോ തിരയുന്നതുപോലെ കുറെ സമയം നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളെ ആശ്വസിപ്പിച്ചു: എല്ലാം കാണുന്ന അല്ലാഹു ഉണ്ടല്ലോ.. പിന്നെന്തിന് ബേജാറാവണം? ആ സര്‍വ്വശക്തന്‍ നിന്നെയും കാത്തു രക്ഷിക്കും..“

വളരെ രസകരമാ‍യ അവതരണ ശൈലി.. കാത്തിരിക്കാം മറ്റു ഭാ‍ഗങ്ങള്‍ക്കായി.
(റെഫി: ReffY) പറഞ്ഞു... 7/02/2013
തീവ്രം മനോഹരം. കയ്യോതുക്കമുള്ള ആഖ്യാനരീതി.
ഭാവുകങ്ങള്‍
ബൈജു മണിയങ്കാല ,
ഭാനു കളരിക്കല്‍ ,
ഷാജു അത്താണിക്കല്‍ ,
Cv Thankappan ,
K@nn(())raan ,
ജോസെലെറ്റ്‌ എം ജോസഫ്‌ ,
ആൾരൂപൻ ,
എം.അഷ്റഫ് ,
ajith ,
Madhusudanan Pv ,
Mohammed kutty Irimbiliyam ,
vettathan g ,
Jefu Jailaf ,
വീ കെ ,
കുഞ്ഞൂസ്(Kunjuss),
ശ്രീനാഥന്‍ ,
prakashettante lokam ,
(റെഫി: ReffY),

വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.
ആ കുടീലും കലീബയും കുട്ടികളും അവരുടെ അദൈന്യതയും അതിനിടയിലെ പ്രതീക്ഷകളുമെല്ലാം തെളിയുന്നു. രണ്ടാം ഭാഗവും നന്നായി. ആശംസകളോടെ
നന്നായി പുരോഗമിക്കുന്നു.
പാത്തു വേദനയായി. തുടരുക
മെയില്‍ അയക്കുക
prakashettante lokam പറഞ്ഞു... 7/04/2013
“കലീബ ഒന്നും മിണ്ടിയില്ല. രണ്ടു വിരലുകള്‍ കൊണ്ട് പാത്തുവിന്റെ കണ്‍പോളകള്‍ വിടര്‍ത്തി അതിലെന്തോ തിരയുന്നതുപോലെ കുറെ സമയം നോക്കിക്കൊണ്ടിരുന്നു. പിന്നെ അവളെ ആശ്വസിപ്പിച്ചു: എല്ലാം കാണുന്ന അല്ലാഹു ഉണ്ടല്ലോ.. “

ഈശ്വരചൈതന്യം തുളുമ്പുന്ന വാചകങ്ങള്‍.., എഴുത്ത് മനോഹരമായിരിക്കുന്നു. തുടരുക. അടുത്ത ലക്കത്തിന്നായി കാത്തിരിക്കാം.
ആദ്യം വായിച്ചത് ഇതാണ് ..
ഇനിവേണം ആദ്യഭാഗം വായിക്കാന്‍ ...
Kaliba urangatte. Njaan varaam.
ജീവനുള്ള കഥ, കൂടുതൽ മികവോടെ .....
aswathi പറഞ്ഞു... 11/01/2013
ഇഷ്ടായി ഇക്കാ ഈ ഭാഗം ...മണിയും പാത്തുവും മനസ്സിൽ കയറിക്കൂടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply