എഴുമങ്ങാട്, ആറങ്ങോട്ടുകര, പൂലാത്തു പറമ്പ്, പൊട്ടിക്കത്തോട്, മിഠായിത്തെരുവ് തുടങ്ങിയ കൊച്ചു തട്ടകങ്ങളിലായി ഒതുങ്ങിക്കിടക്കുന്ന എഴുമങ്ങാട് എന്ന ഗ്രാമം. അധികം പേരും ആറങ്ങോട്ടുകര എന്നും വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാലക്കാടന്‍ ഗ്രാമം. ഒരു പാതയുടെ ഇരുവശങ്ങളിലുമായി കിടക്കുകയാണ് തൃശ്ശൂര്‍ പാലക്കാട് ജില്ലകള്‍ . എഴുമങ്ങാടിന്റെ ഔദ്യോഗിക പോസ്റ്റ് ഓഫീസ് തൃശ്ശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഞങ്ങളുടെ ഗ്രാമം കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു. അയല്‍പ്രദേശമായ തൃശ്ശൂര്‍ ജില്ല മുതല്‍ കൊച്ചി സ്റ്റേറ്റിന്റെ അധീനതയിലും. പണ്ട് രാജ പടയാളികളില്‍ നിന്ന് രക്ഷപ്പെട്ട് അതിര്ത്തിറോഡിനപ്പുറം കടന്നു നില്‍ക്കുകയും അവിടെ നിന്ന് ഇപ്പുറത്ത് നില്ക്കുന്ന നിസ്സഹായരായ പടയാളികളെ നോക്കി കൊഞ്ഞനം കാണിക്കുകയും ചെയ്യുന്ന പല രസികരായ കള്ളന്മാരും ഇവിടെ ഉണ്ടായിരുന്നത്രെ!
എന്തായാലും ഒരുപാട് ചരിത്ര സംഭവങ്ങളുടെ സ്മാരകശിലകള്‍ ഇപ്പോഴും ഈ ഗ്രാമത്തിലുണ്ട്.
ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം തളിയെന്ന അടുത്ത ഗ്രാമത്തിലായിരുന്നു. തോരക്കുന്നിന്റെ കിഴക്കു ഭാഗത്തുള്ള തൂക്കാരക്കുന്നിനു ആ പേരു വന്നത് കുറ്റവാളികളെ തൂക്കിക്കൊല്ലാറുള്ള ഇടമായിരുന്നതിനാലാണെന്നും പറയപ്പെടുന്നു. ചരിത്രപ്രാധാന്യമുള്ള തച്ചുകുന്നും ഇവിടം തന്നെ. എഴുമങ്ങാടിന്റെ ഒരു ഒരറ്റത്തുള്ള പോട്ടുചാല്‍ എന്ന ഭാഗം പഴയ ഒരു ബോട്ടു ചാല് ആയിരുന്നുവെന്നും പെരുമാള്‍ മക്കയില്‍ പോയത് ആ ജലപാതയിലൂടെയാണെന്നും പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
സര്വ്വമതപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന മുല്ലക്കല്‍ പൂരവും തോരക്കുന്നത്ത് നേര്‍ച്ചയും എടുത്തുപറയേണ്ടവയാണ്.
അതുപോലെ "ഭ്രഷ്ട്" എന്ന നോവലിലെ താത്രിക്കുട്ടി എന്ന കഥാപാത്രം ജീവിച്ചിരുന്നതും ഇവിടെത്തന്നെയാണ്. ഇത് വായിക്കുന്നവരില്‍ ഇതില്‍ കൂടുതല്‍ അറിയുന്നവരുണ്ടാകാം .അത് പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എത്രയോ മഹത് വ്യക്തിത്വങ്ങള്‍ ഈ ഗ്രാമത്തിന്റെ പെരുമ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഈ ഗ്രാമത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പ്രിയ സുഹൃത്ത് ബിപിന്‍ പട്ടാമ്പി പങ്കുവക്കുന്നതും കാണുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ