മണിമുത്ത് - 5


സംസാരിക്കുന്ന തത്ത

  ആ തത്ത കൊക്ക് വിടര്‍ത്തി ദീന സ്വരത്തില്‍ എന്തോ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു അസ്വസ്ഥതയോടെ പാത്തു പറഞ്ഞു:

ഇക്കാ പാവം, അത് തന്നെ വിടാനാണ് പറയുന്നത്..

നോക്കുമ്മാ.. ഇവള്‍ പറയുന്നത് കേട്ടില്ലേ..? എത്ര കഷ്ടപ്പെട്ടാണ് ഞാനിതിനെ പിടിച്ചത്.. എന്നിട്ടിപ്പോള്‍ വിട്ടുകളയാന്‍ പറയുന്നു..!

മണി ഉമ്മയെ നോക്കി. എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഉമ്മയും കുഴങ്ങി.

തത്ത വീണ്ടും ദീനദീനം കേണു കൊണ്ടിരുന്നു. ഇടക്കിടക്ക് പിടയുകയും ചെയ്തു. അപ്പോഴൊക്കെ മണി അതിനെ തന്നിലെക്കടുപ്പിച്ചു പിടിച്ചു. പാത്തു അതിനെ വിട്ടയക്കാന്‍ വേണ്ടി കരയാനും തുടങ്ങി. അപ്പോള്‍ ഉമ്മ പറഞ്ഞു:

രണ്ടും ഒരേപോലെയല്ലേ കാണിച്ചു കൂട്ടുന്നത്.. മോനതിനെ വിട്ടാളെ.. 

അപ്പോള്‍ കലീബ പറഞ്ഞതോ..?

ഒരു തൂവലിന്റെ കാര്യമല്ലേ കലീബ പറഞ്ഞത്.. ദാ.. കിടക്കുന്നു.

തത്തയുടെ ചിറകില്‍ നിന്നും എപ്പോഴോ കൊഴിഞ്ഞു വീണ ഒരു തൂവല്‍ ഉമ്മ നിലത്തുനിന്നും പെറുക്കിയെടുത്തു. 

എങ്കിലും മണി കുറച്ചുസമയം കൂടി മടിച്ചു നിന്നു. ഒടുവില്‍ അതിന്റെ കാലില്‍ ഒട്ടിപ്പിടിച്ച പശയെല്ലാം തുടച്ചെടുത്ത് മനസ്സില്ലാമനസ്സോടെ അതിനെ ആകാശത്തെക്കുയര്‍ത്തി വിട്ടു.

ദിക്കുകള്‍ തെറ്റിയ പോലെ ആ തത്ത ആകാശത്ത്‌ കുറെ നേരം വട്ടം കറങ്ങി. ഉയര്‍ന്നും താഴ്ന്നും ഇപ്പോള്‍ താഴെ വീഴും എന്നപോലെയും അത് അവരുടെ തലക്കുമുകളില്‍ വന്നും തിരിച്ചു പറന്നും കളിച്ചു. പിന്നെ പതിവുപോലെ പടിഞ്ഞാറന്‍ മാനത്തേക്ക് പറന്നും പോയി.

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല. പക്ഷെ; അത് പോയോ ഉമ്മാ.., എന്ന പാത്തുവിന്‍റെ ചോദ്യത്തോടെ മണി പിണക്കമെല്ലാം മറന്നു. അവന്‍ ആ തൂവലിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു:

അതൊക്കെ എപ്പഴേ പോയി.. ഇപ്പോള്‍ അത് അതിന്റെ കൂട്ടിലെത്തിക്കാണും.

അപ്പോള്‍ അതിനും കൂടും കുഞ്ഞുങ്ങളും ഒക്കെയുണ്ടാവൂല്ലേ?

പിന്നെ.. ഉണ്ടാകാതിരിക്കുമോ? കുന്നിലോ മലയിലോ എവിടെയെങ്കിലും അതിനൊരു കൂടും അതില്‍ കുറെ കുഞ്ഞുങ്ങളും കാണും.

എന്നിട്ടാണോ അതിനെ കൂട്ടിലിട്ടു വളര്‍ത്താന്‍ നോക്കിയത്…? പാവം.. ആ കുഞ്ഞുങ്ങള്‍ തള്ളയെ കാണാതെ കരയില്ലേ..? ആഹാരമൊന്നും കിട്ടാതെ ചത്തുപോവില്ലേ?

മണിക്ക് അതിനുത്തരമൊന്നും പറയാന്‍ കഴിഞ്ഞില്ല.

പാവം.. പാവം.. എന്നൊക്കെ പിറുപിറുത്തുകൊണ്ട് അവള്‍ അനന്തശൂന്യതയിലേക്ക് മുഖം തിരിച്ചു നിന്നു.

മണി ആ തൂവല്‍ സൂക്ഷിച്ചു നോക്കി. ചെറിയ ഒരു പച്ചത്തൂവല്‍ . അസാധാരണമായി ഒന്നും അതിലില്ല. എങ്കിലും അവന്‍ അത് സൂക്ഷിച്ചു വച്ചു. കലീബയുടെ വാക്കുകളില്‍ എന്തെങ്കിലും പൊരുള്‍ കാണാതിരിക്കില്ലെന്ന് അവനുറപ്പുണ്ടായിരുന്നു.

അതിനടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ ആ തത്ത വരുന്നതും കാത്ത് അവന്‍ ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം. വരുന്ന തത്തകളുടെ കൂട്ടത്തിലൊന്നും അതിനെ കാണാന്‍ കഴിഞ്ഞില്ല. അത് പേടിച്ചുപോയിട്ടുണ്ടാകുമെന്നും ഇനിയൊരിക്കലും ഈ ഭാഗത്തെക്കൊന്നും വരാന്‍ പോകുന്നില്ലെന്നും അവനു മനസ്സിലായി.

അങ്ങിനെ തത്തയുടെ കാര്യം മറന്നുപോയ ഒരു നേരത്താണ് ഒരു ദിവസം പാത്തു പറയുന്നത്.
ഇക്കാ ആ തത്ത ഇന്നിവിടെ വന്നു.. ദാ.. എന്‍റെ ഈ കയ്യിലിരുന്നു..

മണി ആദ്യം അത്ഭുതപ്പെട്ടു. പിന്നെ ദേഷ്യപ്പെട്ടു: എന്താടി പെണ്ണെ..? നീ നുണ പറയാനും തുടങ്ങിയോ..

ഇക്കാ.. ഇത് നുണയൊന്നും അല്ല.. തോരക്കുന്നത്ത് ഉപ്പാപ്പയാണെ..സത്യം.

പാത്തു സത്യം ചെയ്തു.

അതിനെ ഞാന്‍ തൊട്ടു അതെന്നോട് വര്‍ത്തമാനവും പറഞ്ഞു.


അപ്പോള്‍ അവന്‍ ആര്‍ത്തു ചിരിച്ചു: ന്‍റെ റബ്ബേ..എടി നുണച്ചിപ്പാറൂ മിണ്ടാതിരുന്നോ.. 

ഉമ്മായെന്നു നിലവിളിച്ചു പാത്തുവും തന്‍റെ നിസ്സഹായത പ്രകടിപ്പിച്ചു:

ഞാനെല്ലാം ഉമ്മയോടു പറഞ്ഞൂലോ.. ഉമ്മാക്ക് വിശ്വാസായിട്ടുണ്ട്.. എന്നു പറയുകയും വീണ്ടും ഉമ്മയെ വിളിക്കുകയും ചെയ്തു അവള്‍ . 


മണി പറഞ്ഞു:

ശരി..ശരി..സമ്മതിച്ചു. അത് വന്നിട്ടുണ്ടാകും. പക്ഷെ, അതു നിന്നോട് വര്‍ത്തമാനം പറഞ്ഞെന്നോ.. ഹ..ഹാ..

അപ്പോഴേക്കും ഉമ്മയെത്തി. വന്ന പാടെ ഉമ്മ പറഞ്ഞു: ഇവള് എന്നോടും ഇതൊക്കെത്തന്നെ പറഞ്ഞു മോനെ.. പിച്ചും പേയും പോലെ ഇതന്നേ ഇന്നവള്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ.. ഇവളിരുന്നു ഉച്ചക്ക് കിനാക്കണ്ടിട്ടുണ്ടാകും.

ഉമ്മാ.. എന്ന് പാത്തു ദയനീയമായി വിളിച്ചു. പിന്നെ അവള്‍ കരയാന്‍ തുടങ്ങി. 

ഉമ്മ അവളെ ചേര്‍ത്തുപിടിച്ചു: ഞാന്‍ വെറുതെ പറഞ്ഞതല്ലേ.. ഇത് കിനാക്കണ്ടതൊന്നും അല്ല.. 

അവള്‍ വിതുമ്പലിനിടയില്‍ ആവര്‍ത്തിച്ചു: അതു.. വന്നതാണ് , അതു പറഞ്ഞതാണ്.. അതു ഞാന്‍ കേട്ടതാണ്..

എന്‍റെ കുട്ടി നുണയൊന്നും പറയില്ലല്ലോ.. അതുമ്മാക്കും അറിയാം. അവര്‍ മകനെ നോക്കി കണ്ണിറുക്കി.. ഇത് ശരി തന്നാവും.. നിസ്കരിക്കണ തത്ത സംസാരിക്കേം ചെയ്യുമായിരിക്കും.

ആ തത്ത എന്താ പറഞ്ഞതെന്നറിയോ നിനക്ക്..? വടക്കു വടക്ക് മരുത്വാനെന്നൊരു മലയുണ്ടെന്ന്.. ആ മലയില് ഇരുളെന്നൊരു മരുന്നുണ്ടെന്ന്. അതിന്‍റെ നീര് കണ്ണിലൊഴിച്ചാല് എല്ലാം കാണാന്‍ പറ്റുമെന്ന്.. വടക്കു വടക്ക്‌ പേരുകേട്ട ഒരു തട്ടാന്‍ ഉണ്ടെന്നും..തട്ടാന് എല്ലാം അറിയാമെന്നും ആ തത്ത പറഞ്ഞുവത്രേ..

പിന്നെ ദീര്‍ഘമായ ഒരു നിശ്വാസത്തോടെ അവര്‍ ആത്മഗതം ചെയ്തു:

പക്ഷേങ്കില് ആരും പറഞ്ഞു കൊടുക്കാതെ എന്‍റെ കുട്ടിക്ക് ഇതൊന്നും അറിയാനും  പറയാനും പറ്റില്ലല്ലോ..

അപ്പൊ ആരാ ഇതെല്ലാം പറഞ്ഞത്..?

തത്ത തന്നെയാണ് ഉമ്മാ.. പക്ഷെ, ആ തത്തക്ക് കലീബയുടെ ശബ്ദമായിരുന്നു. പാത്തു അതു പൂര്‍ത്തീകരിച്ചു.

റബ്ബുല്‍ ആലമീനായ തമ്പുരാനേ.. ഉമ്മ നെഞ്ചത്ത് കൈവച്ചുകൊണ്ട് വിളിച്ചു.

മണിയും അന്തംവിട്ടു നിന്നുപോയി.

കലീബ പറഞ്ഞതുപോലെയാണ് അത്തിമരത്തില്‍ നിന്നും നിസ്കരിക്കുന്ന തത്തയെ കണ്ടെത്തിയത്. പറത്തിവിട്ടപ്പോള്‍ ആ  തത്ത തങ്ങളുടെ തലക്കുമുകളില്‍ ഒരുപാട് തവണ വട്ടം ചുറ്റിയാണ് തിരിച്ചു പോയത്. ഭാഗ്യം കൊണ്ടുവരുമെന്നു കലീബ പറഞ്ഞ അതിന്‍റെ ഒരു തൂവല്‍ ഇപ്പോഴും അകത്തിരിക്കുന്നുണ്ട്. ചിലപ്പോള്‍ പാത്തുവിന്‍റെ ഈ വാക്കുകളിലും ഒളിഞ്ഞിരിക്കുന്നുണ്ടാകും എന്തെങ്കിലും ചില അത്ഭുതങ്ങള്‍ .

ചിലപ്പോള്‍  കലീബ വന്നുപോയിട്ടുണ്ടായിരിക്കും

കലീബയെ അവള്‍ക്കു കാണാന്‍ കഴിയില്ലല്ലോ.

അവന്‍ ഉമ്മയോട് പറഞ്ഞു: ഉമ്മ കളരിയിലെ കുറുപ്പുവൈദ്യരോട് ഇങ്ങിനെ ഒരു മരുന്ന് ഉണ്ടാവോന്നു ചോദിച്ചു നോക്കണം.അപ്പോള്‍ തത്ത പറഞ്ഞത് സത്യമാണോ എന്നറിയാലോ..

പിന്നെ അവന്‍ തന്‍റെ കൊച്ചുപെങ്ങളെ കെട്ടിപ്പിടിച്ചു.നിന്നെ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. പോരെ.. ഇനി ആ തത്ത വന്നാല്‍ നീ കൂടുതല്‍ കാര്യങ്ങള്‍  ചോദിച്ചറിയണം.

ഇനി വരില്ലാന്നു പറഞ്ഞാ അതു പറന്നു പോയത്..

പാത്തു ദു:ഖത്തോടെ പറഞ്ഞു.

ഉമ്മ അന്ന് തന്നെ കുറുപ്പു വൈദ്യരെ കണ്ടു.

ആ ഉമ്മയുടെ ചോദ്യം തന്നെ വൈദ്യരില്‍ അമ്പരപ്പും അത്ഭുതവും ഉളവാക്കി. 


അമൂല്യങ്ങളായ ഒറ്റമൂലികകളും പച്ചമരുന്നുകളുമുള്ള മരുത്വാമലയെക്കുറിച്ചു അപൂര്‍വ്വം വൈദ്യഗ്രന്ഥങ്ങളില്‍ പരമാര്‍ശിക്കുന്നുണ്ടെന്നത് സത്യം. ദിവ്യശക്തിയുള്ള ഇരുള്‍ എന്ന മൂലികയെക്കുറിച്ചുള്ള മഹാരഹസ്യങ്ങള്‍ ആര്‍ക്കും പങ്കുവക്കരുതെന്ന സാരോപദേശത്തോടെ അപൂര്‍വ്വം ചില താളിയോലകളില്‍ മാത്രമായി ഒതുങ്ങിക്കിടക്കുന്നുവെന്നതും സത്യം. മരുന്നുകള്‍ ഇടിച്ചും പൊടിച്ചും ജീവിതം പോറ്റുന്ന ഈ സ്ത്രീ എങ്ങിനെ ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞു എന്നുമാത്രം മനസ്സിലാകുന്നില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ അത്ഭുതം. 


വൈദ്യരുടെ ആകാംക്ഷക്ക് വിരാമമിട്ട് അവര്‍ പറഞ്ഞു:

ഒരു കലീബ വന്നപ്പോള്‍ പറഞ്ഞു തന്ന കാര്യങ്ങളാണ്.. ആ മരുന്നിന്‍റെ നീരൊഴിച്ചാല്‍ എന്‍റെ കുട്ടീടെ കണ്ണിനു കാഴ്ച്ചകിട്ടുമെന്ന് അദ്ദേഹമാണ് പറഞ്ഞു തന്നത്.

വൈദ്യര്‍ ഒരു നിമിഷം ചിന്താധീനനായി. പിന്നെ അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു:

എന്തായാലും ആ മനുഷ്യന്‍ വെറും ചില്ലറക്കാരനല്ല. ആ മരുന്ന് കൈയിലുണ്ടെങ്കില്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങളും നടക്കും. പക്ഷെ എന്ത് ചെയ്യാം.. ആ മരുന്ന് ഇപ്പോള്‍ ഭൂമിയിലെവിടെയെങ്കിലും ഉണ്ടോയെന്നുപോലും ആര്‍ക്കും അറിയില്ല. അതുകണ്ടവരാരും ഇന്ന് ജീവിചിരിപ്പുമില്ല. അതു തേടി നടന്ന് ജന്മങ്ങള്‍ പാഴാക്കിയ അനേകം പേരെക്കുറിച്ച് ഗുരുക്കന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല.

ഉമ്മ നിരാശയോടെയാണ് വൈദ്യരില്‍ നിന്നും കേട്ടതെല്ലാം മകനോട്‌ പറഞ്ഞത്. അവന്‍ അതെല്ലാം  ശ്രദ്ധിച്ചു കേട്ടശേഷം ഉറച്ച സ്വരത്തില്‍ ഉത്സാഹത്തോടെ പറഞ്ഞു:

ഉമ്മാ ഞാന്‍ പോയി ആ മരുന്ന് കൊണ്ടുവരും.. തീര്‍ച്ച.

എങ്ങിനെയെന്നൊന്നും അപ്പോള്‍ അവനും അറിയില്ലായിരുന്നു.

( തുടരും )


17 അഭിപ്രായ(ങ്ങള്‍) :

വീ കെ പറഞ്ഞു... 7/21/2013
അവൻ അത് കണ്ടുപിടിച്ച് കൊണ്ടുവരും...!
തീര്‍ച്ചയായും..
ആഹാ ഇവിടെ ഇങ്ങനെ ഒരു ബാല നോവല്‍ ഓടുന്നുണ്ടോ ഞാനിപ്പോഴാ അറിയുന്നത്
വായിക്കുന്നു...
P V Ariel പറഞ്ഞു... 7/21/2013
കൊള്ളാമല്ലോ ഇക്കാ
ഈ ബാല നോവൽ
ഇപ്പോഴാണിത് കണ്ടത്
ഇനി ആദ്യ ഭാഗങ്ങളും
വരാനുള്ളവയും വായിക്കണം
പോസ്ടിടുമ്പോൾ ഒരു കുറി
മെയിലിൽ വിട്ടാൽ വേഗത്തിൽ
കാണാൻ പറ്റും, pvariel at gmail dot com
വീണ്ടും കാണാം
ആശംസകൾ
Cv Thankappan പറഞ്ഞു... 7/21/2013
മണിയുടെയും,ഉമ്മയുടെയും ഇടയില്‍ പ്രകാശമായി പാത്തു...
ഉമ്മയിലും,മണിയിലും വന്നിരിക്കുന്നു സ്വല്പസ്വഭാവ മാറ്റം!അല്ലേ മാഷെ? സ്വാര്‍ത്ഥതാല്പര്യമാകാം....
ആശംസകള്‍
Pradeep Kumar പറഞ്ഞു... 7/21/2013
ഇങ്ങിനെ ഒരു ബ്ലോഗും അതില്‍ നല്ലൊരു നോവലും ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല. അഞ്ചാം ഭാഗം വായിച്ചപ്പോള്‍ മറ്റ് ഭാഗങ്ങളും വായിക്കാന്‍ താല്‍പ്പര്യം തോന്നുന്നു.....
ajith പറഞ്ഞു... 7/21/2013
നോവല്‍ സൂപ്പര്‍ ആകുന്നു!!!
ആ മരുന്ന് കൈയിലുണ്ടെങ്കില്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങളും നടക്കും. പക്ഷെ എന്ത് ചെയ്യാം.. ആ മരുന്ന് ഇപ്പോള്‍ ഭൂമിയിലെവിടെയെങ്കിലും ഉണ്ടോയെന്നുപോലും ആര്‍ക്കും അറിയില്ല. അതുകണ്ടവരാരും ഇന്ന് ജീവിചിരിപ്പുമില്ല. അതു തേടി നടന്ന് ജന്മങ്ങള്‍ പാഴാക്കിയ അനേകം പേരെക്കുറിച്ച് ഗുരുക്കന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല.......

Interesting.....
എനിക്കിഷ്ട്ടായി നല്ല ആഖ്യാനം !
:)കഥയുടെ തുടര്‍വായന നടന്നിട്ടില്ല.ഇന്‍ഷാ അല്ലാഹ്....അടുത്തു തന്നെ മുഴുവന്‍ വായിച്ച് അഭിപ്രായം കുറിക്കാം.
കൊമ്പന്‍
ഭാനു കളരിക്കല്‍
പിവി ഏരിയല്‍
സിവി തങ്കപ്പന്‍
പ്രദീപ്‌ കുമാര്‍
അജിത്ത്
ഡോക്ടര്‍ പി മാലങ്കോട്
മിനി സിപി..
വായനക്കും പ്രോത്സാഹനത്തിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
പ്രിയ മുഹമ്മദു കുട്ടി ഇരിമ്പിളിയം..
തിരക്കൊഴിഞ്ഞാല്‍ കാണണം..
Anu Raj പറഞ്ഞു... 7/26/2013
മണിക്ക് മരുന്ന് കണ്ടുപിടിക്കാന്‍ കഴിയുമോ.....അവന് ദൈവവിശ്വാസം വേണ്ടത്രയില്ലല്ലോ...ഉമ്മയുടേയും പാത്തുവിന്റേയും പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരിക്കില്ല.....
:d അനുരാജ് ..നന്ദി.
മരുത്വാമലിയിലേക്ക് പുതിയ ഹനുമാൻ എത്തുന്നതും കാത്ത്...
നന്മയുടെ ജീവനുള്ള കഥ ,മികവോടെ തെളിമയോടെ ,പ്രകാശ പൂരിത്മായി
ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply