മണിമുത്ത് - 15


( പല്ലൂരെന്ന ഊര് )
എവിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന്‍ നിന്നു.

ഒരു കാട്ടുകടന്നലിന്‍റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു നേരം പരിഭ്രമിച്ചു പോയി. എന്നാല്‍ അല്‍പ്പം കൂടി നടന്നു കഴിഞ്ഞപ്പോള്‍ അവന് മനസ്സിലായി. അത് തേനീച്ചയും കടന്നലും ഒന്നുമല്ല. വെള്ളാരങ്കല്ലുകളില്‍ തട്ടിമുട്ടിയൊഴുകുന്ന ഒരു കാട്ടരുവിയുടെ കളകളാരവവും അതിന്‍റെ കരയില്‍ കാറ്റു വീശുമ്പോള്‍ ആടുന്ന കാട്ടുമുളകളുടെ പാട്ടും കൂത്തും ഒക്കെ ഇടകലര്‍ന്ന ഒരു ഇരമ്പലാണത്.

എങ്കില്‍  മരങ്ങളുടെ നിരകള്‍ക്കും പാറക്കെട്ടുകള്‍ക്കും അപ്പുറത്ത് എവിടെയോ ഒരു ഗ്രാമം ഉണ്ടായിരിക്കുമെന്നും അവന് ഏതാണ്ട് ഉറപ്പായി.

അവന്‍ പാറക്കെട്ടുകള്‍ കയറിയപ്പോള്‍ അതിനപ്പുറത്തായി താഴെ വിളക്കുകളുടെ വെളിച്ചവും പുകയുന്ന കുറെ കുടിലുകളും കണ്ടെത്തി.

ആശ്വാസത്തോടെ പാറക്കെട്ടിറങ്ങി നേരെ നടന്നു. അതെ അങ്ങിനെ താന്‍ മരുത്വാന്‍ പറഞ്ഞ ആ ഊരിലെത്തിയിരിക്കുന്നു. അതു ശോലമൂപ്പന്‍റെ സ്വന്തം നാടായ പല്ലൂര് തന്നെ ആയിരിക്കണം. അവന്‍ സ്വയം തീര്‍ച്ചപ്പെടുത്തി.

എതാനും സമയത്തിനകം അവന്‍ ആ നാട്ടില്‍ കാലുകുത്തി.

അത് ഒരു നാടൊന്നും ആയിരുന്നില്ല. എന്നാല്‍ ഒരു കാടും ആയിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത് കാട്ടിനുള്ളിലെ ഒരു നാടായിരുന്നു. കാട്ടുവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന കാട്ടിലെ ഒരു ഊരായിരുന്നു.

ഒരു വലിയ മൈതാനത്തില്‍ ഒരുപാട് ചെറിയ വട്ടക്കുടിലുകള്‍ . പച്ചപ്പുള്ള ഇടങ്ങളിലെല്ലാം ആടുകള്‍ നിന്നും കിടന്നും അയവിറക്കുന്നു. മൈതാനത്തിന്‍റെ ഒത്ത നടുവില്‍ പടര്‍ന്നു പന്തലിച്ച വലിയൊരു ആല്‍മരം. അതിനുണ്ടൊരു ആല്‍ത്തറ. ആല്‍ത്തറയില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ നിലയില്‍ ഒരു വലിയ കരിങ്കല്ലും ഇരുവശവും രണ്ടു ചെറിയ കല്ലുകളും. ചുറ്റുമുള്ള കല്‍വിളക്കുകളില്‍ എണ്ണത്തിരികള്‍ കത്തുന്നു. ആലിന്‍റെ വേടുകളില്‍ പല വലിപ്പത്തിലുള്ള തുണിക്കിഴികള്‍ കെട്ടിത്തൂക്കിയിരിക്കുന്നു.

അത് ആദിവാസികളുടെ അമ്പലമാണെന്ന് ഒറ്റ നോട്ടത്തില്‍ നിന്നും അവന് മനസ്സിലായി.

കുടിലുകളിലെല്ലാം വിളക്കുകള്‍ തെളിയാന്‍ തുടങ്ങിയിരുന്നു. ആല്‍ത്തറയില്‍ ആളുകളുണ്ട്. അവര്‍ തനി കാടന്മാരൊന്നും അല്ല. എന്നാല്‍ അവര്‍ ശരിക്കുള്ള നാടന്മാരും അല്ല. അസമയത്ത് അവനെപ്പോലെ ഒരാളെ അവിടെ ആദ്യമായി കാണുകയായിരിക്കണം. എല്ലാ മുഖങ്ങളിലും അതിന്‍റെയൊരു കൌതുകവും അത്ഭുതവും കാണാനുണ്ട്.

ആദ്യം കുടിലുകളില്‍ നിന്നും ഓടിയെത്തിയ ചില കുട്ടികള്‍ അവനെ വളഞ്ഞു നിന്നു. പിന്നെ അവര്‍ക്കു പിന്നിലായി ചില ചെറുപ്പക്കാരും കൂടി. അപ്പോഴേക്കും ആ കുടിലുകളില്‍ നിന്നും  വയസ്സായ മറ്റുചിലരും പുറത്തിറങ്ങി വന്നു. പെണ്ണുങ്ങളും തീരെ ചെറിയ കുട്ടികളും ഒക്കെ അതിലുണ്ടായിരുന്നു. ചാവാലിപ്പട്ടികള്‍ പോലെ കണ്ടാല്‍ പേടി തോന്നിപ്പിക്കാത്ത ചില വേട്ടപ്പട്ടികള്‍ അവര്‍ക്കു മുന്നിലും പിന്നിലും കാവലുണ്ട്. പക്ഷെ അവയുടെ കണ്ണുകളില്‍ കടിച്ചു കീറാനുള്ള ക്രൌര്യം കത്തി നില്‍ക്കുന്നുമുണ്ട്.

ഹൂയ്‌ .. ഹൂയ്‌ ..  

ചുറ്റും കുട്ടികളുടെ ആര്‍പ്പും വിളിയും മാത്രം. ഇടക്ക് ചില ആട്ടിന്‍ കുട്ടികള്‍ കരയുന്നുണ്ട്.

എന്നാല്‍ അപ്പോള്‍ നായാട്ടു പട്ടികള്‍ അല്‍പ്പം ശാന്തരായത് പോലെയാണ് തോന്നിയത്. അല്ല അങ്ങിനെയാണ് നില്‍ക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും ചാടി വീണേക്കാവുന്ന ഒരു ഭാവം അപ്പോഴും അവറ്റകളുടെ മുഖത്തുണ്ടെന്നും തോന്നി. എങ്കിലും അവന്‍ തന്‍റെ ഭയവും പരിഭ്രമവും ഒന്നും പുറത്തു പ്രകടിപ്പിച്ചില്ല. ഇതിലും വലിയതെന്തെല്ലാം കണ്ടിരിക്കുന്നു എന്ന മട്ടില്‍ അവന്‍ അക്ഷോഭ്യനായി നിന്നു.

അപ്പോഴേക്കും ആല്‍ത്തറയിലും കുടിലുകളുടെ മുറ്റത്തും ഇരുന്നവരില്‍ ചിലര്‍ ഇറങ്ങി വരാന്‍ തുടങ്ങി. അവരെ കണ്ടപ്പോള്‍ വേട്ടപ്പട്ടികള്‍ വാലാട്ടി കുറച്ചു പിന്നോക്കം മാറി. അവ നീണ്ട നാക്കു നീട്ടി അവനെ തുറിച്ചുനോക്കി.

ഹൂയ്..ഹൂയ് എന്ന് കുട്ടികള്‍ അപ്പോഴും നാലു ചുറ്റിലും ഉണ്ട്.

മുണ്ടാണ്ടിരി കുട്ട്യോളെ.. എന്നായിരിക്കണം, അവരുടെ കൂട്ടത്തില്‍ നിന്നാരോ ആ കുട്ടികളെ ശാസിച്ചു. മഴയും കാറ്റും തോര്‍ന്നതു പോലെ അവിടം പെട്ടെന്നു നിശ്ശബ്ദമായി. വളരെ വയസ്സായ ഒരാള്‍ മുന്നോട്ടു വന്നുകൊണ്ട് അവനോടു ചോദിച്ചു:

നെയ്യേതാ.. എന്തിനാ ഇബടെ ബന്നത്?

ഞാന്‍ ശോലമൂപ്പനെ കാണാന്‍ വന്നതാണ്..


അവന്‍ പെട്ടെന്നു തന്നെ അതിന് ഉത്തരവും കൊടുത്തു കഴിഞ്ഞു.
അപ്പോള്‍ തെല്ലൊരു അഹംഭാവത്തോടെ അവന്‍ ആവര്‍ത്തിച്ചു:ശോലമൂപ്പനെ കാണാന്‍ വന്നതോ? അവന്‍റെ മറുപടി അവരെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞു. അവര്‍ പിന്നെ അന്യോന്യം നോക്കി. അപ്പോള്‍ അതില്‍ നിന്നൊരാള്‍ ആല്‍ത്തറയില്‍ കൂനിയിരിക്കുന്ന ഒരു വൃദ്ധനെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

ദാ അബടെ ആ ഇരിക്കുന്നതാ ശോലമൂപ്പന്‍.. ..

അതിലിടക്ക് വേറൊരാള്‍ ചോദിച്ചു: നിജ്ജെവിടന്നാ ബരണ്..?

അങ്ങ് പട്ടണത്തീന്നാ.. അവന്‍ പറഞ്ഞു.

ഹേ.. പട്ടണത്തീന്നോ.. അതുകേട്ടപ്പോഴും മിക്കവരും അതിശയം ഭാവിച്ചു. ചിലര്‍ അമ്പരന്നു. കണ്ണില്‍ ഒരു ചോദ്യക്കൊളുത്തുമിട്ട് ഇനിയുമൊരാള്‍ അടുത്തയാളോട് തന്റെ പേടി പങ്കുവച്ചു.


അതേ.. ഞാന്‍ പട്ടണത്തീന്നാണ് വരുന്നത്..

എന്നാ.. ബായോ.. ബായോ.. എന്ന് അയാള്‍ ധൃതിയില്‍ വിളിച്ചു പറഞ്ഞു. കുട്ടികളും പട്ടികളുമെല്ലാം അപ്പോള്‍ വഴിമാറി നിന്നു. അതേ ധൃതിയോടെ അയാള്‍ അവനെ ആല്‍ത്തറയിലേക്ക് നയിച്ചു. അവര്‍ ആല്‍ത്തറയില്‍ കുന്തിച്ചിരിക്കുന്ന ഒരു വൃദ്ധന്‍റെ അടുത്തെത്തി. അവര്‍ അവനറിയാത്ത ഏതോ ഭാഷയില്‍ വൃദ്ധനോട് എന്തോ പറഞ്ഞു. അപ്പോള്‍ അയാളും തന്റെ അമ്പരപ്പ് മറച്ചു വക്കാതെ അല്‍ഭുതത്തോടെ അവനെ നോക്കി. 

അയാളുടെ ഭാവത്തില്‍ നിന്നും പട്ടണത്തില്‍ നിന്നും തന്നെ അന്വേഷിച്ചു വരുന്ന ആദ്യത്തെ ആളായിരിക്കണം അവനെന്ന് തോന്നുന്നുണ്ട്.

ഹേ.. ജ്ജാരാ.. അനക്ക് എന്താ ബേണ്ടത്..?

അല്‍ഭുതവും ആകാംക്ഷയും കൊണ്ട് അയാളുടെ ശബ്ദം വല്ലാതെ ഇടറിപ്പോവുകയും ചെയ്തിരുന്നു. 

അവന്‍ പറഞ്ഞു: ഞാന്‍ മരുത്വാന്‍ പറഞ്ഞിട്ടു വരികയാണ്.. ശോലമൂപ്പനെ കാണാന്‍ ..

ങേ.. മരുത്വാനോ..!

പൊടുന്നനെ വൃദ്ധന്റെ കണ്ണുകള്‍ വട്ടം തുറിച്ചു.

അയാള്‍ ആല്‍ത്തറയില്‍ നിന്നും ചാടിപ്പിടഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടിയണഞ്ഞു. അവിടെ നിന്നും ഇവിടെ നിന്നുമൊക്കെയായി വീണ്ടും കുറെ ആളുകളും എഴുന്നേറ്റു വന്നു. ചുറ്റും കൂടിയവരെല്ലാം കൂടി ഒരാരവത്തോടെ അവനെ പൊതിയാന്‍ തുടങ്ങുമ്പോഴേക്കും വൃദ്ധന്‍ അവന്‍റെ കൈയില്‍ കയറിപ്പിടിച്ചു. അയാള്‍ മഹനേ.. എന്നു വിളിച്ചു എന്തൊക്കെയോ ഒച്ചവച്ചു. പിന്നെ അയാള്‍  അവനെ കെട്ടിപ്പിടിച്ചു.

ശോലമൂപ്പന്‍ .. 

അവന്‍ മന്ത്രിച്ചപ്പോള്‍ വൃദ്ധന്‍റെ സന്തോഷം കാണണമായിരുന്നു. പുകയില മണക്കുന്ന വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്നതെല്ലാം ആത്മാര്‍ത്ഥമായ ആഹ്ലാദ പ്രകടനങ്ങളാണെന്നു മാത്രം അവനു മനസ്സിലായി.

ഇത് ഇന്‍റെ ആളാ.. ഇത് ഇന്റെ ആളാ.. എന്ന് ഉരുവിട്ടുകൊണ്ട് വൃദ്ധന്‍ അവനെ തന്റെ കരവലയത്തില്‍ കുടുക്കി നിര്‍ത്തി. വാക്കുകളേക്കാള്‍ ചില ഭാവപ്രകടനങ്ങളിലൂടെ അയാള്‍ ചുറ്റും ഉള്ളവരെ എന്തൊക്കെയോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതിലിടക്ക് അയാള്‍ അവനെ തഴുകിക്കൊണ്ടുമിരുന്നു. ഒടുവില്‍ മനസ്സിന് ഒരു സമനില കൈവന്നപ്പോള്‍ വൃദ്ധന്‍ കരയുകയും ചെയ്തു. പിന്നെ മറ്റുള്ളവരോട് ശാന്തസ്വരത്തില്‍ പറഞ്ഞു:

ഒന്നൂല്ലാന്ന്..ഹിത്.. ഹിത് ന്‍റെ ആളാ..

അപ്പോഴാണ്‌ അവന്‍ ചുറ്റും ഉള്ളവരുടെ ഭാവങ്ങള്‍ ശരിക്കും കാണുന്നത്. അവര്‍ ഒരു ശത്രുവിനെപ്പോലെ അവനെ വളഞ്ഞുകൊണ്ട് എന്തിനോക്കെയോ തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്ന് അവന് മനസ്സിലായി. അവന്‍  എല്ലാ മുഖങ്ങളിലേക്കും സൂക്ഷിച്ചു നോക്കി. കാടിന്‍റെ വന്യതകളെല്ലാം അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. വേട്ടപ്പട്ടികള്‍ ദൂരെയാണെങ്കിലും അവറ്റകളുടെ കണ്ണിലെ ക്രൌര്യമെല്ലാം ഇപ്പോള്‍ തന്‍റെ ചുറ്റും ഉള്ളവരുടെ കണ്ണുകളിലേക്ക് പടര്‍ന്നു കയറിയിട്ടുണ്ട്.

എബടെ.. മരുതാന്‍ ..? ജ്ജ് ഓനെക്കണ്ടാരുന്നോ..? ഇപ്പൊ ഓന് അകത്തോ പുറത്തോ..? അതോ.. നിന്റൊപ്പം ഓനും ബന്നിട്ടുണ്ടോ..?

വൃദ്ധന് മാത്രമല്ല അവിടെ കൂടിനിന്ന എല്ലാവര്‍ക്കും അറിയേണ്ടതിനൊന്നും കയ്യും കണക്കുമില്ല. ഒരു കാര്യം അവന് മനസ്സിലായി. മരുത്വാന്‍ ഒരു പെരുങ്കള്ളനാനെന്ന സത്യം  ഇവിടെയുള്ളവര്‍ക്കെല്ലാം അറിയാം.  ഇപ്പോള്‍ അയാള്‍ ജയിലിനകത്തോ പുറത്തോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്..! ഇനി തനിക്കൊന്നും മറച്ചു വക്കാനില്ല.

അവന്‍ ഉണ്ടായ സംഗതികളെല്ലാം ചുരുക്കിപ്പറഞ്ഞു നിര്‍ത്തി: മരുത്വാന്‍ പട്ടണത്തിലാണ്. പക്ഷേ, അയാളെ പോലീസ് പിടിച്ചുകൊണ്ടു പോയി. ഇപ്പോള്‍ അയാള്‍ ജയിലിലാണ്.

പെട്ടെന്ന് വൃദ്ധന്‍ മൂകനും വിഷണ്ണനുമായി. എന്നാല്‍ അവിടെ കൂടി നിന്നവരുടെ മുഖത്തും കണ്ണുകളിലും ആശ്വാസത്തിനൊപ്പം സന്തോഷവും നിഴലിച്ചു. എന്നാലും അപ്പോഴും ചില മുഖങ്ങളില്‍ ഭയത്തിന്‍റെ ഓളം വെട്ടലുണ്ട്.

മഹനേ.. ജ്ജ് വാ..

വൃദ്ധന്‍ തിടുക്കത്തില്‍ അവന്‍റെ കൈയില്‍ പിടിച്ചു വലിച്ചു ഒരു വട്ടക്കുടിലിന്‍റെ നേരെ നടന്നു. അങ്ങിനെ ആടുകള്‍ക്കും പട്ടികള്‍ക്കും കുട്ടികള്‍ക്കും ഇടയിലൂടെ നടക്കുമ്പോള്‍ വൃദ്ധന്‍ അവന്‍റെ ചുമലില്‍ പിടിച്ചു കുലുക്കി ചിരിച്ചു:

മരുത്വാനെ ഇബടെല്ലാര്‍ക്കും ബയങ്കര പേട്യാ.. പച്ചേ അനക്കില്ല്യ..ട്ടൊ.. 

അതെന്താ..? എന്ന് അവന്‍ വൃദ്ധന്‍റെ മുഖത്തേക്ക് നോക്കി.

അതേയ്.. ഞാന്‍ ഓന്‍റെ തന്തയാ.. ഇതാ.. ഇതാണ്.. ഓന്‍റെ തള്ള..

അയാള്‍ മുന്നിലേക്ക് ചൂണ്ടിക്കാണിച്ചു. പുല്ലു മേഞ്ഞ ആ കുടിലിന്‍റെ മുറ്റത്ത് വളഞ്ഞു കുത്തി നില്‍ക്കുന്ന ഒരു വൃദ്ധയെ അവന് കാണാന്‍ കഴിഞ്ഞു.

മരുത്വാന്‍ എന്ന പെരുങ്കള്ളന്റെ അമ്മയാണെന്നൊക്കെയാണ് പറയുന്നത്.. പക്ഷെ, അവര്‍ അവനെ നോക്കി ഒരാട്ടിന്‍ കുട്ടിയുടെ പേടിയോടെയാണ് നില്‍ക്കുന്നത്. 


(തുടരും)

6 അഭിപ്രായ(ങ്ങള്‍) :

അതേയ്.. ഞാന്‍ ഓന്‍റെ തന്തയാ..
Athu angine aanallo. haha
Gireesh KS പറഞ്ഞു... 9/29/2013
നല്ല കഥ ഇക്ക. സുഖമുള്ള വായന. ഇനിയും തുടരട്ടെ...
Cv Thankappan പറഞ്ഞു... 9/29/2013
മരുത്വാന്‍ എന്ന പെരുങ്കള്ളന്‍റെ സംഭവബഹുലമായ ജീവിതകഥ അറിയാന്‍ തിടുക്കമായി മാഷെ.
വായനക്കാരനെ ഉദ്വേഗജനകമാക്കാന്‍ തരത്തിലുള്ള അദ്ധ്യായങ്ങളുടെ ക്രമീകരണങ്ങള്‍ പ്രശംസനീയം തന്നെയാണ്.
അടുത്തത് വായിക്കാന്‍ കാത്തിരിക്കുന്നു മാഷെ.
ആശംസകള്‍
ajith പറഞ്ഞു... 9/29/2013
ഞാന്‍ കുട്ടിക്കാലം മുതല്‍ക്ക് പല കുട്ടിക്കഥകളും വായിച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയാലും വായിയ്ക്കും. എന്നാല്‍ ഇത്ര പവര്‍ഫുള്‍ ആയിട്ടൊരു കുട്ടിക്കഥ വായിച്ച ഓര്‍മ്മയില്ല. ഇത് പ്രസിദ്ധീകരിച്ച് കാണാന്‍ വളരെ ആഗ്രഹമുണ്ട്. ഇത് വായിയ്ക്കുമ്പോള്‍ വിദൂരതയില്‍ “കുഞ്ഞിക്കൂനന്‍” ഓര്‍മ്മവരുന്നുണ്ട്.

അഭിനന്ദനങ്ങള്‍ അളവുകൂടാതെ ചൊരിയട്ടെ!
Pradeep Kumar പറഞ്ഞു... 10/01/2013
അജിത് സാര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.....
Mohammed nisar Kv പറഞ്ഞു... 9/30/2013
good..seeyou again

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply