മണിമുത്ത് - 18


 ( ഇരുള്‍ എന്ന മൂലിക )

അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു.

എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍പോലെ ഇരിക്കുമ്പോള്‍ അവര്‍ക്ക് അന്യോന്യം കാണാന്‍ ആ വെളിച്ചം മതിയായിരുന്നു. മൂപ്പന്‍ പറിച്ചു കൊണ്ടുവന്ന ഇലകള്‍ ചവച്ചു തിന്ന് ചോലയിലെ വെള്ളവും കുടിച്ചു അവര്‍ രണ്ടുപേരും മരുത്വാമാലയുടെ സംശുദ്ധമായ ആ ഏകാന്തതയില്‍ എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട് അടുത്ത സൂര്യോദയത്തിനായി ഒരു രാത്രി മുഴുവന്‍ കാത്തിരുന്നു.


മഴ പെയ്താലും മഞ്ഞു പെയ്താലും അവര്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പാകത്തില്‍ മിനുസമുള്ള ആ പാറയില്‍ അവസാനം ഒരു ഭയാശങ്കകളും ഇല്ലാതെ അവര്‍ ശാന്തരായി കിടന്നുറങ്ങി.


വീടുവിട്ടിറങ്ങിയ ശേഷം മണി ഉമ്മയെയും കൊച്ചുപെങ്ങളേയും സ്വപ്നം കണ്ട ആദ്യത്തെ ഒരു രാത്രിയായിരുന്നു അത്. കണ്ണീരോടെ ഒരു മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് ഉമ്മ പ്രാര്‍ഥിക്കുന്നു. പാത്തു ഇരുട്ടിലേക്കു മിഴിച്ചു നോക്കി ഇരിക്കുന്നു. മുറ്റത്തുള്ള കൂട്ടില്‍ ആടുകള്‍ കരയുന്നു. അത്തിമരത്തില്‍ കിളികള്‍ ചിലക്കുന്നു.


അങ്ങിനെ എന്തെല്ലാമോ ആയിരുന്നു ഉറക്കത്തിലെ കാഴ്ച്ചകള്‍ . പിന്നെ അവന്‍ എപ്പോഴോ ഒരിക്കല്‍ ഉണര്‍ന്നു. അതിനുശേഷം ഇരുണ്ട ആകാശം നോക്കി കിടന്നു. 


ഒടുവില്‍ നേരം വെളുപ്പിച്ചു കൊണ്ട് ചില കിളികള്‍ ഒക്കെ കരഞ്ഞു തുടങ്ങി. കിഴക്ക് ആദ്യം ചുവപ്പും പിന്നെ വെള്ളയും കീറി.


അവര്‍ പാറപ്പൊത്തില്‍ നിന്നും പുറത്തിറങ്ങി. അവന്‍ ചോലയിലെ തണുത്ത വെള്ളത്തില്‍ ശരീരശുദ്ധി വരുത്തി പാറപ്പുറത്ത്‌ നിന്ന് പ്രാര്‍ഥിച്ചു.മൂപ്പന്‍ അപ്പോഴേക്കും എവിടെയൊക്കെയോ ചുറ്റിനടന്നു ചില കാട്ടുപഴങ്ങളും ഒക്കെയായി തിരിച്ചെത്തി. 


രണ്ടുപേരും കൂടി അതെല്ലാം കഴിച്ചു.


ഇനി അടുത്ത പരിപാടി എന്താണെന്നറിയാന്‍  മൂപ്പന്‍ അവന്റെ നേരെ നോക്കി:


മഹനെ.. ഇബടെ തെരയാന്‍ ഞമ്മക്ക് ഒരു തലവും ബാക്കില്ല്യ.. ഞമ്മള് ഞ്ഞി എന്താ ബേണ്ടത്..?


ഇനി എന്താണ് വേണ്ടതെന്നു അവനും അറിയില്ലായിരുന്നു. ഇനി അവിടെ നിന്നിട്ടു പ്രയോജനം ഒന്നുമില്ല എന്ന് അവനും തോന്നി. തിരിച്ചു പോകാം.. എല്ലാം പടച്ചവന്‍ നിശ്ചയിച്ച പോലെ മാത്രമേ നടക്കുകയുള്ളൂ എന്ന് സ്വയം ആശ്വസിപ്പിക്കുകയും ചെയ്തു.


ചോലയില്‍ പോയി കുറച്ചു വെള്ളം കുടിച്ചു അവര്‍ തിരിച്ചു നടക്കുമ്പോള്‍ അവന്‍ അകത്തും പുറത്തും കരയുകയായിരുന്നു. തന്റെ ഏങ്ങലടികള്‍ മൂപ്പനെ കേള്‍പ്പിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അവന്‍ ശ്വാസംമുട്ടി പിടയുകയും ചെയ്തു. തണുത്ത കാറ്റ് ഊക്കില്‍ വീശി അവന്റെ നനഞ്ഞ കണ്ണുകളെ ഉണക്കാന്‍ നോക്കുന്നുണ്ടായിരുന്നു. 


അങ്ങിനെ നടന്നുകൊണ്ടിരിക്കെ, യാദൃശ്ചികമായി അവന്‍റെ കണ്ണുകള്‍ ഒരിടത്തു തറഞ്ഞു നിന്നു.ഒലിച്ചിറങ്ങിയ കണ്ണുനീരിലൂടെ ആ മല ഒരു കടലായിപ്പോയോ എന്നവന്‍ സംശയിച്ചു പോയ ഒരു നിമിഷം.


അത്ര അവ്യക്തമായിട്ടായിരുന്നു അപ്പോള്‍ അവന്‍റെ എല്ലാ കാഴ്ച്ചകളും. അവന്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു കൊണ്ട് ഒരിക്കല്‍ കൂടി അങ്ങോട്ടു നോക്കി. എന്നിട്ടും അവ്യക്തമായി തോന്നിയതിനാല്‍ കുറച്ചുകൂടി മുന്നോട്ടു നടന്നു.


അപ്പോള്‍ കിഴക്കോട്ടുള്ള ഒരു പാറയുടെ വിള്ളലാണ് അവന്‍ കാണുന്നത്. തന്‍റെ കണ്ണുകള്‍ക്ക്‌ എന്തെങ്കിലും തകരാറു സംഭവിച്ചിരിക്കുമോ എന്നുപോലും അവന്‍ സംശയിച്ചു. പാറയുടെ വിള്ളലിലെ കണ്ണുനീര്‍ക്കടലില്‍ എന്തോ കിടന്നാടുന്നുണ്ട്. 


അടുത്ത നിമിഷം അവന്‍റെ കണ്ണുകളില്‍ സൂര്യനഭിമുഖമായി വളര്‍ന്നു നില്‍ക്കുന്ന ഒരു ചെടിയുടെ നിഴല്‍ ഉടക്കി.


മൂപ്പാ.. മൂപ്പാ.. അപ്പോള്‍ അവന്‍റെ ശബ്ദം പതിവിലും ഉയര്‍ന്നു പോയി.


ആ വിളികേട്ടു മൂപ്പന്‍ തിരിഞ്ഞു നിന്നു. അവന്‍ ദൂരെ പാറയിടുക്കിലേക്ക് തന്നെ നോക്കി നില്‍ക്കുന്നതു കണ്ടപ്പോള്‍ അയാള്‍ തിരിച്ചു വന്നു:


എന്താ മഹാ..?


അപ്പോഴേക്കും അവന്‍ ആ പാറക്കെട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ അവന്‍ ആ ചെടിയുടെ അടുത്തെത്തി. 


അത് അവന്‍ സ്വന്തം കണ്ണുകളെപ്പോലും സംശയിച്ചു പോയ ഒരു നിമിഷമായിരുന്നു. സ്വപ്നമാണോ സത്യമാണോ താന്‍ കാണുന്നതെന്നറിയാതെ അവന്‍റെ ബുദ്ധിയും ചിന്തയും ഏതാനും നിമിഷങ്ങള്‍ മരവിച്ചു പോയി.


വിഷഹാരി വൈദ്യന്‍ സൂചിപ്പിച്ചതു പോലെയുള്ള അതേ ചെടി. കട്ടികൂടിയ നീണ്ട ഇലകള്‍ നീണ്ട ഇലകള്‍ പോലെയുള്ള കായകള്‍  നൂലുപോലേയുള്ള വെളുത്ത വള്ളികള്‍ പച്ചപ്പൂക്കള്‍ അദ്ദേഹം സൂചിപ്പിച്ചതില്‍ നിന്നും ഒന്നിനും ഒരു വിത്യാസവും ഇല്ല. 


എന്നാല്‍ അവനെ അത്ഭുതപ്പെടുത്തിയതും അമ്പരപ്പിച്ചതുമെല്ലാം മറ്റൊന്നായിരുന്നു.


ആ ചെടിയുടെ ഇലകളുടെ നിറം.. ആ ഇലകളുടെ നീളം.. അവയുടെ ആകൃതി.. എല്ലാം അവന് ഏറെ സുപരിചിതമായിരുന്നു. എല്ലാമെല്ലാം എന്നും അവന്‍ കാണുന്നതു തന്നെ. അവന്‍ തന്റെ കണ്ണിനെപ്പോലെ കാത്തു സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന തത്തത്തൂവല്‍ പോലെത്തന്നെയായിരുന്നു ആ ചെടിയുടെ ഇലകള്‍ . അല്‍പ്പം കട്ടിയുണ്ടെന്നതല്ലാതെ കാഴ്ച്ചയില്‍ വേറൊരു വിത്യാസവും ഇല്ല.


ഇതാ.. എന്റെ ഇരുള്‍ ..


സന്തോഷം കൊണ്ട് സമനില തെറ്റിയ മനസ്സ് തന്‍റെ ശരീരത്തെ പിടിച്ചുലക്കുന്നുവോ എന്നു തോന്നിയ നിമിഷം ഒരാശ്രയത്തിനു വേണ്ടിയെന്നവണ്ണം അവന്‍ ആ പാറയില്‍ അള്ളിപ്പിടിച്ചു കൊണ്ടു നിന്നു.


മുകളില്‍ നിന്നും മൂപ്പന്‍ അവനെത്തന്നെ നോക്കി നില്‍ക്കുന്നു.അവനു സമനില കൈവരുവാന്‍ ഏതാനും നിമിഷങ്ങള്‍ തന്നെ വേണ്ടി വന്നു.


ഒടുവില്‍ ,  ആ പാറയില്‍ നിന്നുകൊണ്ട് അവന്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു. അനന്തരം ബിസ്മി ചൊല്ലിക്കൊണ്ട് അതിന്‍റെ കുറെ ഇലകള്‍ ഇറുത്തെടുത്തു അവന്‍ കൊണ്ട് തിരിച്ചു കയറി.


അവന്‍റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടേയിരുന്നു.


ഇതാണോ മഹന് ബേണ്ട മരുന്ന്.. നോക്കട്ടെ..?


മൂപ്പന്‍ ഒരില വാങ്ങി തിരിച്ചും മറിച്ചും നോക്കി. മണപ്പിച്ചും നോക്കി. അയാള്‍ക്ക്‌ അതില്‍ വലിയ പുതുമയൊന്നും തോന്നിയിട്ടുണ്ടാവില്ല. എങ്കിലും വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. അവനെ ആശ്വസിപ്പിക്കുകയും ചെയ്തു: 


അവസാനം ന്‍റെ മഹനത് കിട്ടീലോ.. ഇക്കും സന്തോസായി.. ഞ്ഞി ഞമ്മക്ക് പോഹാലോ..?


പോകാം..


അവന്‍റെ വാക്കുകളില്‍ തുള്ളിത്തുളുമ്പിയ ആഹ്ലാദത്തിനും സന്തോഷത്തിനും ഒന്നും അപ്പോള്‍ അതിരുണ്ടായിരുന്നില്ല. 


ഓടിയോടിയാണ് അവന്‍ മലയിറങ്ങിക്കൊണ്ടിരുന്നത്. പാവം മൂപ്പന്‍ പലപ്പോഴും അവന്‍റെ ഒപ്പമെത്താന്‍ പാടുപെട്ടുകൊണ്ടിരുന്നു.


അവര്‍ അങ്ങിനെ കുറച്ചു ദൂരം പോയിക്കാണും.


അപ്പോള്‍ താഴെനിന്നും ചില ഒച്ചയും സംസാരവും ഒക്കെ കേള്‍ക്കാന്‍ തുടങ്ങി. മൂപ്പന്‍ ചെവിയോര്‍ത്തു എന്തോ ആലോചിച്ചു. പിന്നെ താഴേക്കിറങ്ങാതെ ഒരു വഴിത്തിരുവില്‍ മല കയറി വരുന്നവരെ കാത്തു നിന്നു.


അവന്‍ കാര്യം അന്വേഷിച്ചപ്പോള്‍ മൂപ്പന്‍ വിശദമാക്കി. അവര്‍ മൂപ്പന്‍റെ ഊരില്‍ നിന്നും വരുന്നവരാണ്. പച്ചമരുന്നുകളും മലഞ്ചരക്കുകളും വില്‍ക്കാന്‍ പട്ടണത്തിലേക്ക് പോകുന്നവരാണ്. ആ മല വടക്കോട്ടിറങ്ങിയാല്‍ പട്ടണത്തിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. അതിലൂടെയാണ് അവര്‍ സാധാരണ പോകാറുള്ളത്. അങ്ങിനെ പോയാല്‍ രണ്ടു ദിവസത്തെ വഴിദൂരം ലാഭമുണ്ട്.


അവര്‍ അങ്ങിനെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ പട്ടണത്തിലേക്കു പോകുന്നവര്‍ അവിടെയെത്തിച്ചേര്‍ന്നു.


മൂപ്പന്‍ അവരോട് അവനെ പട്ടണത്തില്‍ സുരക്ഷിതനായി എത്തിക്കുവാന്‍ ശട്ടം കെട്ടി. പിന്നെ അവന്‍റെ അടുത്തു വന്നു അവന്‍റെ നെറുകില്‍ ഉമ്മവച്ചു. അയാളുടെ കണ്ണില്‍ ഉരുണ്ടുകൂടിയ നീര്‍മ്മണികളില്‍ ചിലത് അവന്‍റെ നെറുകയില്‍ വീണു ചിതറുകയും ചെയ്തു. അപ്പോള്‍ അവനും വാക്കുകള്‍ക്കായി ഇടറി.


വടക്കോട്ടുള്ള മറ്റൊരു വഴിയിലൂടെ നടക്കുമ്പോള്‍ അവന്‍ ഇടക്കിടക്ക് തിരിഞ്ഞു നോക്കി. മൂപ്പന്‍ താഴെയിറങ്ങി മറയുന്നത് വരെ അവന്‍റെ കണ്ണുകള്‍ ഈറനായിത്തന്നെയിരുന്നു.


പിന്നീടുള്ള യാത്രകള്‍ അവനൊരിക്കലും പ്രയാസകരമായിരുന്നില്ല.


അവര്‍ അഞ്ചുപത്തു പേരുണ്ടായിരുന്നു. അവര്‍ ഏതൊക്കെയോ കൊടുങ്കാടുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒടുവില്‍ രാത്രിയായപ്പോഴേക്കും അവരെല്ലാവരും പട്ടണത്തില്‍ എത്തിപ്പെട്ടു.


അവന്‍ അവരോട് യാത്ര പറഞ്ഞു ആ രാത്രി പട്ടണത്തിലെ സത്രത്തില്‍ കിടന്നുറങ്ങി.


പിറ്റേന്നു രാവിലെ തന്‍റെ ഗ്രാമത്തിലേക്കുള്ള പാതയിലൂടെ നടന്നു.


ഒരു രാത്രികൂടി അങ്ങിനെ കടന്നുപോയി. 


അടുത്ത ദിവസം സന്ധ്യയായിത്തുടങ്ങിയപ്പോഴേക്കും അവന്‍ സ്വന്തം നാട്ടില്‍ കാലു കുത്തി.


അപ്പോഴേക്കും നടക്കാന്‍ വയ്യാത്ത വിധം ക്ഷീണിച്ചും ആരും എളുപ്പത്തില്‍ തിരിച്ചറിയാനാവാത്ത വിധം വസ്ത്രങ്ങളെല്ലാം മുഷിഞ്ഞും പ്രാകൃതനായും അവന്‍ മാറിപ്പോയിരുന്നു.


എന്നിട്ടും ഒരു കൊച്ചു ചിമ്മിനി വിളക്കിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട് ഒരുമ്മ വളരെ അകലെ നിന്നും തന്നെ തന്‍റെ മകനെ തിരിച്ചറിഞ്ഞു. ഇരുട്ടിലേക്കു നോക്കി നിലവിളിച്ചു കൊണ്ട് അവര്‍ അവന്‍റെ അടുത്തേക്ക്‌ ഓടിവന്നു.


അവര്‍ അവനെ കെട്ടിപ്പിടിച്ചു ഉമ്മവക്കുകയും  ഉറക്കെ നിലവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.


ഇരുട്ടും വെളിച്ചവും എന്താണെന്നറിയാതെ എല്ലാം ചെവിയോര്‍ത്തുകൊണ്ടു നില്‍ക്കുന്ന കൊച്ചു പെങ്ങളെ അവന്‍ കണ്ടു. (തുടരും)

6 അഭിപ്രായ(ങ്ങള്‍) :

കിട്ടിയത് ഇരുൾ തന്നെ ആവട്ടെ പ്രതീക്ഷ വിളക്ക് പോലെ തെളിഞ്ഞു കത്തട്ടെ
Cv Thankappan പറഞ്ഞു... 10/20/2013
കൊച്ചുപെങ്ങള്‍ക്ക് വേഗം കാഴ്ച കിട്ടാനുള്ള ഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
നന്നായിരിക്കുന്നു മാഷേ.
ആശംസകള്‍
ajith പറഞ്ഞു... 10/20/2013
വെളിച്ചം തെളിയ്ക്കുന്ന ഇരുളുമായി മണി വീട്ടിലെത്തി!
Pradeep Kumar പറഞ്ഞു... 10/21/2013
ഇതൊരു പുസ്തകമായി ഇറങ്ങി., കുട്ടികൾ പുസ്തകത്തിനായി അടിപിടികൂടുന്ന രംഗം ഓർത്തുപോവുന്നു......
ബാലമനസ്സുകളിലെ ഇരുളിലേക്ക് ഒരു വെളിച്ചമായി പടരാൻ ഈ സൃഷ്ടിക്കു സാധിക്കും
പകലിൻ വെട്ടവുമായിട്ടെത്തും
പകലവനെന്നും പതിവായി...
ഇരുളിൻ വെട്ടവുമായിട്ടെത്തും
മണിമുത്തിപ്പോൾ കണ്ടോളൂ
Mohammed nisar Kv പറഞ്ഞു... 10/24/2013
കുഞ്ഞിപ്പെങ്ങള്‍ക്ക് കാഴ്ച കിട്ടാന്‍ കാത്തിരിക്കുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply