മണിമുത്ത് - 16


( ശോലമൂപ്പന്‍റെ സങ്കടങ്ങള്‍ )




പുല്ലു മേഞ്ഞ ഒരു കുടില്‍

മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന്‍ ഒരു തടുക്ക് ഇട്ടു കൊടുത്തു കൊണ്ട് അവനോട്‌ ഇരിക്കാന്‍ പറഞ്ഞു. പിന്നെ മൂപ്പന്‍ മരുത്വാന്റെ അമ്മയെ പിടിച്ചു കൊണ്ടുവന്നു. അവര്‍ അവന്‍റെ മുന്നില്‍ വന്നു വീണ്ടും വളഞ്ഞു കുത്തി നിന്നു:

പട്ടണത്തീന്നു ബന്നതാ.. മരുത്താന്‍ പറഞ്ജയച്ച മഹന്‍.. മൂപ്പന്‍ അവനെ മരുത്വാന്‍റെ അമ്മക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

ആ അമ്മയും അവരുടെ കഴുത്തില്‍ നിറഞ്ഞു കിടന്നിരുന്ന ഒരുപാടു കല്ലുമാലകളും കൂടി അതിശയത്തോടെ ചിരിച്ചു.

അവിടത്തെ പെണ്ണുങ്ങള്‍ക്ക്‌  നാട്ടുകാരുടെ ഭാഷ സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണെന്ന് മൂപ്പന്‍ പറഞ്ഞു. പറയുന്നതൊക്കെ ശരിക്കും മനസ്സിലാകുമെങ്കിലും തിരിച്ചു പറയാനൊന്നും കഴിയില്ല. അതുകൊണ്ടായിരിക്കണം മൂപ്പനോട് അവര്‍ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. മൂപ്പന്‍ അതിനുള്ള മറുപടി അപ്പപ്പോള്‍ കൊടുത്തു കൊണ്ടിരുന്നു. അതിലിടയിലെല്ലാം അവര്‍ ഏങ്ങലടിക്കുകയും കണ്ണുതുടക്കുകയും മൂക്കുപിഴിയുകയും ഒക്കെ ചെയ്യുന്നുണ്ട്.

മൂപ്പന്‍ അവനോട് മരുത്വാന്‍റെ വിശേഷങ്ങള്‍ എല്ലാം വിശദമായിത്തന്നെ ചോദിച്ചു. അതു കേള്‍ക്കുന്നതിനിടയില്‍ തന്‍റെ സങ്കടങ്ങളില്‍ ചിലതെല്ലാം അവനോടു പറയുകയും ചെയ്തു.

അവര്‍ക്ക് ആകെയുണ്ടായിരുന്നത് മരുത്വാന്‍ എന്ന ഒരു മകന്‍ മാത്രം. മകന്‍ വലുതായപ്പോള്‍ പട്ടണത്തില്‍ പോയി. പിന്നെ എങ്ങിനെയെന്നറിയില്ല, അവന്‍ ഒരു പെരുങ്കള്ളനായി മാറി. ഊരിലേക്ക് വല്ലപ്പോഴും മാത്രം വരും. അവന്‍ വന്നാല്‍ അവിടെ ആരും അവനോടു മിണ്ടാറില്ല. ഇവിടെ ആര്‍ക്കും അവനെ ഇഷ്ടവുമില്ല. അവന്‍ എല്ലാവര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. 

അവന്‍ എന്തിനും മടിയില്ലാത്തവനാണെന്നും ഇവിടെയുള്ളവരെല്ലാം വളരെ ശാന്തരും സാധുക്കളും ആയതുകൊണ്ടാണ് അവനെ കൊല്ലാത്തതും, തന്നെ ഈ ഊരില്‍ നിന്നും ആട്ടിയോടിക്കാത്തതെന്നും അയാള്‍ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

അങ്ങിനെ കുറെ കഴിഞ്ഞപ്പോള്‍ മൂപ്പന്‍ സാധാരണനിലയിലായി. അപ്പോള്‍ വീണ്ടും മകന്‍റെ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി.

കാര്യങ്ങള്‍ അറിയാനും കേള്‍ക്കാനുമായി ഏതാനും ചിലരൊക്കെ പുറത്തുണ്ടായിരുന്നു. ആ ഊരിലുള്ളവരെല്ലാം അന്യോന്യം കുടുബക്കാരും ബന്ധുക്കളുമാണ്. അതുകൊണ്ടു തന്നെ ഒരാളുടെ ദുഃഖം മറ്റുള്ളവരുടേയും ദുഖമാണ്. ഒരാളുടെ സന്തോഷം മറ്റുള്ളവരുടേയും സന്തോഷമാണ്.

മരുത്വാനെ കണ്ടുമുട്ടിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അവന്‍ വിവരിച്ചു. മകന്‍ ഇപ്പോള്‍ ജയിലിലാണ് എന്നറിഞ്ഞപ്പോള്‍ അയാള്‍ ആശ്വാസം പ്രകടിപ്പിച്ചു. കുറേക്കാലം ജയിലില്‍ കിടന്നാല്‍ അവന്‍ നന്നാകുമെന്നാണ് മൂപ്പന്റെ വിചാരം. ഈ ഊരിലേക്ക് തിരിച്ചുവന്നാല്‍ ഇവിടെയുള്ളവരുടെ സമാധാനവും കൂടി നഷ്ടപ്പെടും. അതുകൊണ്ടു ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടന്നാലും തരക്കേടില്ല. അതാണ്‌ സാധുവായ ആ പിതാവിന്‍റെ ന്യായം.

മൂക്കത്തു വിരല്‍ വച്ചും നെടുവീര്‍പ്പിട്ടും അവര്‍ മരുത്വാന്റെ കഥകള്‍ കേട്ടു. ഇപ്പോള്‍ അയാള്‍ പോലീസുകാരുടെ പിടിയിലാണെന്ന് തീര്‍ത്തും ഉറപ്പുവരുത്തിയ ശേഷമാണ് അവരെല്ലാവരും പിരിഞ്ഞു പോയത്.

ഒടുവില്‍ ആ കുടിലില്‍ അവര്‍ മൂന്നുപേര്‍ മാത്രമായി. അപ്പോള്‍ അവന്‍ തന്‍റെ സഞ്ചിയില്‍ നിന്നും പലഹാരപ്പൊതിയും മൂപ്പനു വേണ്ടി വാങ്ങിയ പുകയിലയും എടുത്തു. അവയെല്ലാം അയാളുടെ കൈയില്‍ വച്ചു കൊടുത്തു. 

പുകയിലപ്പൊതി കണ്ടപാടെ മൂപ്പന്‍ അതഴിച്ചു മണപ്പിച്ചു. പിന്നെ അവനേയും ഒന്നു നോക്കി പിന്നെ വീണ്ടും പുകയില മണത്തുകൊണ്ട് ഹാ..ഹാ.. എന്നു വിളിച്ചു തന്‍റെ ആഹ്ലാദം പ്രകടിപ്പിച്ചു.

ഇത് മരുത്വാന്‍ തരാന്‍ പറഞ്ഞതാണ്.. എന്ന് അവന്‍ പറഞ്ഞു തുടങ്ങിയതേയുള്ളു: ഫൂ.. എന്ന് വൃദ്ധന്‍ ഇരുട്ടിലേക്ക് ഒരാട്ടാട്ടി:

ഓന്‍ ഇങ്ങിനള്ളത് ഒന്നും ചെജ്ജൂലെന്നു ഇക്കറിയാം.. ഇത് അന്‍റെ തമ്മാനം തന്നെ..

അങ്ങിനെ പറഞ്ഞുകൊണ്ട് ആ പ്രായത്തിലും അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി:

അന്റെ ഈ തമ്മാനം കൊണ്ടു ഞാം ഇന്നു ബല്യൊരു മോയല്യാളി ആയീരിക്കുണ്..!

പിന്നെ അവര്‍ രണ്ടു പേരും കൂടി പലഹാരപ്പൊതിയഴിച്ചു മധുരം നുണഞ്ഞു. മരുത്വാന്‍റെ അമ്മ അകത്തുപോയി ഒരു മുളംകുറ്റി കൊണ്ടുവന്നു അവന്‍റെ നേരെ നീട്ടി.

മൂപ്പന്‍ പറഞ്ഞു: അസ്സല് കാട്ടു തേനാ.. ഇത്തിരി കയിച്ചോ..

അവന്‍ കുറച്ചു തേന്‍ മോന്തി.

മൂപ്പന്‍ പുകയിലയും മറ്റും കൂട്ടി മുറുക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ തന്‍റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

മൂപ്പന്‍ എന്നെ സഹായിക്കണം.. ഞാന്‍ ഇവിടെ ഒരു മരുന്ന് അന്വേഷിച്ചു വന്നതാണ്..

അതുകേട്ടപ്പോള്‍ മൂപ്പന്‍ ചിരിച്ചു:

എന്ത് മരുന്നാ മഹന് ബേണ്ടത്..? ഈ കാട്ടിലുള്ള എല്ലാ മരുന്നും ഇക്കറിയും.. ഓരില.. മുവ്വില.. കൊടുവേലി.. ഇടംപിരി.. വലംപിരി.. എന്താ ബേണ്ടതെന്ന് പറ മഹന്.?

ഇതൊന്നുമല്ല.. ഇരുളെന്ന ഒരു മൂലികയാണ്.. വേണ്ടത്..

ഇരുളോ..? അങ്ങിനൊന്നു ഇതുവരെ ഞാം  കേട്ടിട്ടില്ലലോ.. ഇരുവേലിയുണ്ട്.. അത് മത്യോ..?

അതല്ല.. ഇരുള്‍ തന്നെ.. അത് മരുത്വാമലയില്‍ ഉണ്ടാകുമെന്നാ അറിഞ്ഞത്.. എവിടെയാണ് ഈ മരുത്വാമല..?

മരുത്താമലയോ.. അബടാണോ.. ഇത്.. ള്ളത്..? അതു ദാ .. ആ കാണണതാ..!

ഹേ.. എവിടെ..!

അവന്‍ മൂപ്പന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്കു നോക്കി കോരിത്തരിച്ചു.

തന്‍റെ നീട്ടിയ ചൂണ്ടുവിരലിലൂടെ  മൂപ്പന്‍റെ കണ്ണുകള്‍ കൂരിരുള്‍ ഭേദിച്ച് അനേകം വഴിദൂരം താണ്ടുന്നത് അവനും കാണാന്‍ കഴിഞ്ഞു. ആകാശം പോലും തെളിഞ്ഞു കാണാത്ത ഇരുട്ടില്‍ എവിടെയോ ഒരു കാടും ആ കാട്ടില്‍ എവിടെയോ ഒരു മലയും കാണാന്‍ കഴിയുന്നുണ്ടെന്നു സങ്കല്‍പ്പിച്ചു കൊണ്ട് ആകാംക്ഷയോടേയും ഉല്‍ക്കണ്ഠയോടേയും അവന്‍ ചോദിച്ചു:

മൂപ്പാ.. നാളെ എന്നെ അവിടെ ഒന്നു കൊണ്ടു പോകുമോ..? അവിടെയുണ്ടാകും ഇരുള്‍ ..

അയിനെന്താ.. ഞമ്മക്ക് പോകാം മഹനേ.. മൂപ്പന്‍ തടസ്സമൊന്നും പറയാതെ ഉടനെ സമ്മതിക്കുകയും ചെയ്തു.

കുറച്ചു നേരത്തേക്ക് അവനു സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല എന്നതാണു സത്യം. എന്തുകൊണ്ടോ അവനു വിശ്വസിക്കാന്‍ കഴിയുന്നില്ല.മൂപ്പനും എന്തോ ആലോചനയില്‍ പെട്ടതുപോലെ മിണ്ടാതിരിക്കുകയാണ്. ഒടുവില്‍ എങ്ങിനെയൊക്കെയോ മനസ്സിലെ സന്തോഷത്തിരകളെല്ലാം അടക്കിപ്പിടിച്ചു കൊണ്ട് അവന്‍ തുടര്‍ന്നു ചോദിച്ചു:

മൂപ്പന്‍ മരുത്വാന്‍ മലയില്‍ പോയിട്ടുണ്ടോ?

ഇണ്ട്.. ഞാം പോയിട്ടുണ്ട്..

ആലോചനയില്‍ നിന്നും ഉണര്‍ന്നു മൂപ്പന്‍ പറഞ്ഞു. അതൊക്കാണ്‌ ഞമ്മളും ആലോയിച്ചത്. പിന്നെ അയാള്‍ പറയാന്‍ തുടങ്ങി:

അയിന്റടിബാരം ബരെ മരുന്ന് പറിക്കാം ഇടക്കെടക്ക് ഞമ്മ എല്ലാരും തന്നെ പോകും. അയിന്റെ മോളിലും ഞമ്മള് പോയിട്ടുണ്ട്.. അത്പണ്ടാണ്.. പണ്ട്.. ഞാം മംഗലം കയിച്ചു കൊറേ കയിഞ്ഞിട്ടും മക്കളില്ല്യാതായിട്ടു സങ്കടം പെട്ടിരുന്ന കാലത്ത്.. ആടെ മരുത്വാ മലേല് ബല്യ ഒര് ആള് ഇരിക്കിണ സമ്യാര്‍ന്നു.. ഒര് മുനി. അദ്ദേകം ഒര് മരുന്ന് തന്ന്. അത് ഞങ്ങള് രണ്ടാളും കയിച്ച്. അങ്ങന്യാണ് മരുത്താന്‍ ഒണ്ടായത്.. അതോണ്ടല്ലേ ഓനെ മരുത്താനെന്നു ബിളിച്ചത്..

അയാള്‍ കുറെ നേരം ആലോചനയോടെ ഇരുന്നു.

മരുത്താമല തൈവങ്ങടെ മലയാണ്. അപ്പൊ ആ പേര് ഇന്‍റെ ചെക്കനിട്ടത് തൈവങ്ങക്ക് പിടിച്ചിട്ടുണ്ടാവില്ല.. അതോണ്ടാവും ഓലവരെ ഒരു  പിസാചാക്കി മാറ്റീത്..

അയാള്‍ വീണ്ടും കരയാന്‍ വട്ടംകൂട്ടിത്തുടങ്ങി. പക്ഷെ, ഓരോരോ തുടര്‍ ചോദ്യങ്ങളാല്‍ അവന്‍ അതിനൊന്നും സമ്മതിക്കുന്നില്ല.

ആ മുനി ഇപ്പോഴും അവിടെയുണ്ടോ..?

എവടെ.. അജ്ജാളെ പിന്നാരും കണ്ടിട്ടില്ല.. ഇപ്പൊ അബടാരും ഇല്ല്യ..

ആ മലയിലിപ്പോഴും മരുന്നൊക്കെ കാണുമല്ലേ..?

പിന്നാ.. അയിലില്ലാത്ത മരുന്നില്ല.. കുന്തിരിക്കം..പലകപ്പയ്യാനി.. ഇരട്ടിമധുരം.. അങ്കോലം.. തക്കോലം.. എല്ലാം എന്നും അവടണ്ടാകും..

അപ്പോഴും  മൂപ്പന്റെ സങ്കടം തീര്‍ന്നിട്ടൊന്നും ഇല്ലായിരുന്നു.. അയാള്‍ കണ്ണെത്താത്ത ഇരുട്ടിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പറഞ്ഞു:

മഹന്‍ ഇപ്പൊ ഉറങ്കിക്കോ.. ഞമ്മക്കു നാളെ വെളുപ്പിന് പൊറപ്പെടണം.

മൂപ്പന്‍ അവനു വലിയൊരു തടുക്കു വിരിച്ചശേഷം കുടിലിന്‍റെ മുന്നിലുള്ള ചെറ്റയടച്ചു. തണുത്ത കാറ്റില്‍ ആടിയുലഞ്ഞ നാളവുമായി കത്തിക്കൊണ്ടിരുന്ന ആ വിളക്കും അല്‍പ്പം കഴിഞ്ഞപ്പോള്‍ അണഞ്ഞു.

എന്നാല്‍ പാതിരാവോളം ഇരുട്ടിലേക്കു നോക്കിക്കിടന്നതല്ലാതെ അവന് ഉറക്കമൊന്നും വന്നില്ല.
      

(തുടരും)

14 അഭിപ്രായ(ങ്ങള്‍) :

പിന്നാ.. അയിലില്ലാത്ത മരുന്നില്ല.. കുന്തിരിക്കം..പലകപ്പയ്യാനി.. ഇരട്ടിമധുരം.. അങ്കോലം.. തക്കോലം.. എല്ലാം എന്നും അവടണ്ടാകും..
Avide onnu pokanam ennundu :)
:) .. പോകാം.. നമുക്ക് പോകാം ..
സന്ദര്‍ശനത്തിനു നന്ദി.
കഴിഞ്ഞ ലക്കം വായിച്ചപ്പോൾ ഒന്ന് പേടിച്ചു ആ പട്ടികളും അതിന്റെ കണ്ണിലെ ശൌര്യവും ചുറ്റും കൂടിയ അല്ക്കാരും മനുഷ്യരെ പിടിച്ചു തിന്നുന്ന ജാതി ആണോ എന്ന് പോലും പേടിച്ചു അതാ അഭിപ്രായം കൂടി എഴുതാൻ നിക്കാണ്ട് കലംബിയത്. ഇപ്പൊ പേടി മാറി
നന്നായി കാട്ടുതേൻ നല്ല രുചി
തന്‍റെ നീട്ടിയ ചൂണ്ടുവിരലിലൂടെ മൂപ്പന്‍റെ കണ്ണുകള്‍ കൂരിരുള്‍ ഭേദിച്ച് അനേകം വഴിദൂരം താണ്ടുന്നത് അവനും കാണാന്‍ കഴിഞ്ഞു. ആകാശം പോലും തെളിഞ്ഞു കാണാത്ത ഇരുട്ടില്‍ എവിടെയോ ഒരു കാടും ആ കാട്ടില്‍ എവിടെയോ ഒരു മലയും കാണാന്‍ കഴിയുന്നുണ്ടെന്നു സങ്കല്‍പ്പിച്ചു കൊണ്ട് ആകാംക്ഷയോടേയും ഉല്‍ക്കണ്ഠയോടേയും അവന്‍ ചോദിച്ചു:

ഇത് നന്നായിട്ടുണ്ട്
വായനക്കും ആസ്വാദനത്തിനും അഭിപ്രായത്തിനും നന്ദി.
മൂപ്പന്‍റെ ചിത്രം വല്ലാതെ മനസ്സില്‍ തട്ടി വന്നതാണ് .ആദ്യം മുതല്‍ വായിക്കാത്തതിനാല്‍ ഇതുമാത്രം- എല്ലാ വിധ ആശംസകളോടെയും ...
സന്തോഷം,ഈ സന്ദര്‍ശനത്തിന്.. :)
Cv Thankappan പറഞ്ഞു... 10/06/2013
മരുത്താമലയുടെ ചിന്തയുമായി കിടക്കുന്ന മണിക്കെങ്ങനെ ഉറക്കം വരും?!!
ആശംസകള്‍ മാഷെ
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.. സന്തോഷം..
ajith പറഞ്ഞു... 10/07/2013
എങ്ങനെ ഉറക്കം വരും.
ഒന്ന് നേരം വെളുത്തുകിട്ടിയാല്‍ മതിയായിരുന്നു
മണിയെ വിടാതെ പിന്തുടരുന്നതില്‍ സന്തോഷം..നന്ദി..
മുല്ല പറഞ്ഞു... 10/07/2013
നന്നാവുന്നുണ്ട് വിവരണം. തുടരൂ, ആശംസകൾ
വായനക്കും അഭിപ്രായത്തിനും നന്ദി..
വീകെ പറഞ്ഞു... 10/08/2013
താൻ അന്വേഷിച്ചു വന്ന മരുന്ന് തൊട്ടടുത്ത്, കയ്യെത്തും ദൂരത്തുണ്ടെന്ന തിരിച്ചറിവ് മണിയെ നിദ്രാവിഹീനനാക്കിയെങ്കിൽ അതിശയിക്കാനില്ല.
ആശംസകൾ...
Anu Raj പറഞ്ഞു... 10/11/2013
കൃതഹസ്തമായ എഴുത്ത് ......ഒരു ചെറുഅരുവി പോലെ ശാന്തമായി ഒഴുകി പോകുന്നു .....തുടരുക ....മണിക്ക് എല്ലാവിധ വിജയാശംസകളും .......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply